സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തനമാരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് ആയ ‘കേരള സവാരി’ ഇനി മുതൽ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ തന്നെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആണ് ‘കേരള സവാരി’. ഏറെ നാളുകളായുള്ള കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് ഓഗസ്റ്റ് 17 ന് കേരള സവാരി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോർ മുഖാന്തരം ‘കേരള സവാരി’ ഡൗൺലോഡ് ചെയ്യാൻ സാധിക്കാത്തതോടെ നിരവധി വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
പ്ലേ സ്റ്റോറിൽ നിന്ന് ‘കേരള സവാരി’ ആപ്പ് ഡൗൺലോഡ് ചെയ്തതിനു ശേഷം ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ കൊടുത്ത് ലോഗിൻ ചെയ്യാം. നിലവിൽ, ‘കേരള സവാരി’യുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരസഭ പരിധികളിൽ ‘കേരള സവാരി’യുടെ സേവനം ആരംഭിക്കും.
Also Read: 20 മാസങ്ങൾക്കിടയിലെ ഉയർന്ന നിലയിൽ വിദേശ നിക്ഷേപം, ഓഗസ്റ്റിലെ കണക്കുകൾ അറിയാം
വളരെ ലളിതമായ ഇന്റർഫേസ് ആയതിനാൽ, എല്ലാ ഉപയോക്താകൾക്കും എളുപ്പത്തിൽ തന്നെ ഓട്ടോ, ടാക്സി എന്നിവ ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ, പാനിക് ബട്ടണും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപകട ഘട്ടങ്ങളിൽ സമീപത്തെ പോലീസ് സ്റ്റേഷനിലേക്കും കൺട്രോൾ റൂമിലേക്കും വിവരങ്ങൾ കൈമാറുന്നതിനാണ് പാനിക് ബട്ടൺ ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments