യുവാക്കൾക്കിടയിൽ ഹരമായി മാറിയ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന വീഡിയോ ഗെയിം വീണ്ടും പ്ലേ സ്റ്റോറിൽ എത്തി. കേന്ദ്ര സർക്കാർ നിരോധനം പിൻവലിച്ചതോടെയാണ് ബിഗ്മി വീണ്ടും എത്തിയിരിക്കുന്നത്. നിലവിൽ, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ബിഗ്മി ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതേസമയം, മെയ് 29 മുതലാണ് ഗെയിം കളിക്കാൻ സാധിക്കുകയുള്ളൂ.
മാസങ്ങൾക്ക് മുൻപ് തന്നെ ബിഗ്മി തിരികെ എത്തുന്നതുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി നൽകിയിരുന്നു. അധികൃതരുടെ ശക്തമായ നിരീക്ഷണത്തിനു കീഴിലാണ് ബിഗ്മി പ്രവർത്തിക്കുക. നിലവിൽ, മൂന്ന് മാസത്തേക്ക് മാത്രമാണ് ഇളവ് ലഭിച്ചിരിക്കുന്നത്. 2021 ലാണ് ദക്ഷിണ കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ഇന്ത്യയിൽ ബിഗ്മി അവതരിപ്പിച്ചത്. എന്നാൽ, ചൈനീസ് സെർവറുകളുമായുള്ള ബന്ധം ആപ്പ് നിലനിർത്തുന്നുണ്ടെന്ന ആശങ്കയെ തുടർന്നാണ് ബിഗ്മിക്കും നിരോധനം ഏർപ്പെടുത്തിയത്.
ചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയ പബ്ജി ഗെയിമിന്റെ പിൻഗാമി കൂടിയാണ് ബിഗ്മി. ക്രാഫ്റ്റൺ വികസിപ്പിച്ച പബ്ജിയെ ചൈനീസ് കമ്പനിയായ ടെൻസെന്റാണ് ഇന്ത്യയിൽ എത്തിച്ചത്. എന്നാൽ, രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പബ്ജി അടക്കമുള്ള നിരവധി ചൈനീസ് ആപ്പുകളെ കേന്ദ്ര സർക്കാർ നിരോധിക്കുകയായിരുന്നു.
Post Your Comments