ഡൽഹി: ഉഭയസമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് പങ്കാളിയുടെ ജനനത്തീയതി പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കില്ലെന്ന് ഡൽഹി ഹെെക്കോടതിയുടെ പരാമർശം. പ്രായപൂർത്തിയായില്ലെന്ന് അവകാശപ്പെട്ട് പെൺകുട്ടി നൽകിയ പീഡന പരാതിയിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് കോടതി വിവാദ പരാമർശം നടത്തിയത്.
ഒരു വ്യക്തിയുമായി പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് ആധാർ കാർഡോ പാൻ കാർഡോ സ്കൂൾ രേഖകളോ പരിശോധിക്കേണ്ട ആവശ്യമില്ലെന്നും പരാതിക്കാരിയുടെ സൗകര്യത്തിന് അനുസൃതമായി ജനനത്തീയതികൾ പ്രതിക്ക് എതിരായി പ്രോസിക്യൂഷൻ പ്രയോഗിച്ചുവെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ വിവിധ രേഖകളിൽ വിവിധ ജനനത്തീയതികളാണ് നൽകിയിരിക്കുന്നതെന്നും അതിനാൽ, പ്രായപൂർത്തിയാകാത്ത ആളുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് ഉറപ്പിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
‘2019 മുതൽ 2021 വരെയുള്ള സമയത്ത് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ, കഴിഞ്ഞ ഏപ്രിലിലാണ് പരാതി നൽകിയത്. പരാതി നൽകാൻ ഇത്രയും വൈകിയതിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഹണി ട്രാപ് പോലുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു,’ കോടതി നിരീക്ഷിച്ചു.
Post Your Comments