കൊച്ചി: സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി നൂറുകണക്കിന് മനുഷ്യരെയാണ് സഹായിച്ചിട്ടുള്ളത്. കഷ്ടത അനുഭവിക്കുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം അവരെ സഹായിക്കുന്നത്. സുരേഷ് ഗോപിയെന്ന മനുഷ്യനെ കുറിച്ച് സിനിമ മേഖലയിലുള്ളവരും മനസ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ സമദ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു. സുരേഷ്ഗോപിയെ കാണാനായി സംവിധായകൻ ചെന്നപ്പോൾ ഉണ്ടായ അനുഭവമാണ് സംവിധായകൻ സമദ് വ്യക്തമാക്കുന്നത്.
‘കിച്ചാമണി എം.ബി.എ അദ്ദേഹം ചെയ്യുമോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. ഹനീഫിക്കയും ഞാനും ഒക്കെ ചേർന്നാണ് സുരേഷേട്ടനെ കാണാൻ ചെന്നത്. ഹനീഫിക്കയാണ് എനിക്ക് സുരേഷ് ഗോപിയെ പരിചയപ്പെടുത്തി തന്നത്. അതിനുമുമ്പ് ആനചന്തം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. എനിക്ക് സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട് എന്നും കൈയിൽ ഒരു കഥയുണ്ടെന്നും ഞാൻ പറഞ്ഞു. കഥ കേൾക്കുന്നതിനിടയിൽ നോമ്പുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. റംസാൻ നോമ്പ് സമയമായിരുന്നു അപ്പോൾ. ഉണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞു. ഇതിനിടെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റു പോയി. ആരെയോ ഫോൺ ചെയ്യാൻ ആയിരുന്നു പോയത്. കഥ പറഞ്ഞു തീരാൻ ആയപ്പോൾ ബാങ്ക് വിളിക്കുന്ന സമയം ആയി. അപ്പോഴേക്കും നോമ്പ് തുറക്കൽ പലഹാരങ്ങൾ എത്തിയിരുന്നു. അത് അറേഞ്ച് ചെയ്യുവാൻ വേണ്ടിയാണ് അദ്ദേഹം പോയത്. കഥ ഇഷ്ടപ്പെട്ടു എന്നും മറ്റ് താരങ്ങൾ ആരൊക്കെയാണ് എന്നുമുള്ള ചർച്ചകൾ നടത്തി. തുടക്കക്കാരൻ എന്ന നിലയിൽ വലിയ പ്രചോദനവും പിന്തുണയുമാണ് അദ്ദേഹം എനിക്ക് നൽകിയത്’, സമദ് പറയുന്നു.
സുരേഷ് ഗോപി ടൈറ്റിൽ റോളിലെത്തിയ കിച്ചാമണി എം.ബി.എ ഒരു ഓണക്കാലത്തായിരുന്നു റിലീസ് ചെയ്തത്. ബിജുമേനോൻ, ജയസൂര്യ, കൊച്ചിൻ ഹനീഫ, ഇന്ദ്രൻസ്, അബി, ബിജുക്കുട്ടൻ, സലീംകുമാർ, അഗസ്‌റ്റിൻ, രാജൻ പി. ദേവ്, നാരായണൻകുട്ടി, ജാഫർ ഇടുക്കി, നവ്യാ നായർ, പ്രിയങ്ക തുടങ്ങിയവരായിരുന്നു താരങ്ങൾ. കാനേഷ് പൂനൂരിന്റെ ഗാനങ്ങൾക്ക് അലക്സ്‌പോൾ സംഗീതം നൽകി. ഹരിഹരപുത്രൻ ചിത്രസന്നിവേശവും, പി. സുകുമാർ ഛായാഗ്രഹണ സംവിധാനവും നിർവഹിച്ചു.
Post Your Comments