കൊല്ലം: കോളജ്, സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തി വന്നിരുന്ന നാല് പേർ അറസ്റ്റിൽ. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ബിൻഷ (21) എന്നിവരാണ് പിടിയിലായത്. ഇതിൽ അജു മൻസൂറിന്റെ ഭാര്യയാണ് ബിൻഷ.
രണ്ട് മാസമായി കൊല്ലം കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്താണ് ഇവർ ലഹരി വസ്തുക്കൾ വിറ്റിരുന്നത്. കൊല്ലം കിളികൊല്ലൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 30 ഗ്രാം കഞ്ചാവും 23 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയാണുള്ളത്. ഇവയെല്ലാം ഇത്തരത്തിൽ ലഹരിമരുന്ന് വിറ്റ് ഉണ്ടാക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.
സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീമും കിളികൊല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് മാസമായി കൊല്ലം കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്താണ് ഇവർ ലഹരി വസ്തുക്കൾ വിറ്റിരുന്നത്.
Post Your Comments