തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനും സര്‍ക്കാരിനുമെതിരായ തന്റെ നിലപാടില്‍ മാറ്റം വരുത്താതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിസ്റ്ററി കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നും, ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് സര്‍ക്കാരിന്റെ മൗനമെന്നും ഗവര്‍ണര്‍ ആരോപിച്ചു.
‘അലിഗഢില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനെ ഹബീബ് എതിര്‍ത്തിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയെ തടയാന്‍ ധൈര്യമുണ്ടാവില്ല. കാരണം അവിടെ ഭരിക്കുന്നത് യോഗി ആദിത്യനാഥാണ്. കയ്യേറ്റം ചെയ്താല്‍ എന്തുണ്ടാകുമെന്ന അദ്ദേഹത്തിനറിയാം. പക്ഷേ കേരളത്തില്‍ സ്ഥിതി അതല്ല, കേരളത്തില്‍ എന്തും നടക്കും. ഇര്‍ഫാന്‍ ഹബീബിന്റെ പ്രതിഷേധം, കേരള സര്‍ക്കാര്‍ നടപടി എടുക്കില്ല എന്ന ധൈര്യത്തില്‍ ആയിരുന്നു’, അദ്ദേഹം പറഞ്ഞു.
‘വേദിയില്‍ ഉണ്ടായിരുന്ന ഒരു വനിത വളരെ മോശം ഭാഷയില്‍ സംസാരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇങ്ങനൊരു സ്ഥിതി കാണാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ആക്രമണത്തിന് കൂട്ടു നിന്നതിനുള്ള പ്രതിഫലം ആണ് വിസിയുടെ പുനര്‍ നിയമനം’, അദ്ദേഹം ആരോപിച്ചു.
ഭരണഘടനയന്ത്രം തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ബില്ലിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നേതാക്കളുടെ ബന്ധുനിയമനമാണ് ലക്ഷ്യമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments