KeralaLatest News

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓരോ വാർഡ് വീതം കൂടും: ബില്ലിന് ​അം​ഗീകാരം നൽകി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ബില്ലിന് ​അം​ഗീകാരം നൽകി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലിൽ ഒപ്പുവെയ്ക്കരുതെന്ന പ്രതിപ​ക്ഷ ആവശ്യം തള്ളിയാണ് ​ഗവർണറുടെ നടപടി. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂടും. സർക്കാരിന്റെ വിശ​ദീകരണവും കേട്ടശേഷമാണ് ​ഗവർണർ ബില്ല് പാസാക്കിയത്.

നിയമസഭയിൽ ചർച്ച കൂടാതെ ആയിരുന്നു തദ്ദേശ വാർഡ് വിഭജന ബില്ല് സർക്കാർ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയ ബില്ല് ​ഗവർണർക്ക് അയക്കുകയായിരുന്നു. ചർച്ച ചെയ്യാതെ പാസാക്കിയതിനാൽ ബില്ലിൽ ഒപ്പുവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ​ഗവർണർക്ക് കത്തുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബില്ല് ഒപ്പിടാതെ തടഞ്ഞുവെച്ച ​ഗവർണർ, സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.

ഭരണഘടനാപരമായ ആവശ്യമായതിനാൽ വാർഡ് വിഭജന ബില്ല് പാസാക്കേണ്ടതുണ്ട് എന്ന് സർക്കാർ ​ഗവർണറെ അറിയിച്ചു. ഈ മറുപടിയുടെ അടിസ്ഥാനത്തിലാണ് ​ഗവർണർ ബില്ലിൽ ഒപ്പിട്ടത്. ബില്ല് നിയമമായതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും. 2011-ലെ സെൻസെസ് അടിസ്ഥാനപ്പെടുത്തി ജനസംഖ്യാ അടിസ്ഥാനത്തിലാകും വാർഡ് പുനർനിർണയം നടക്കുക.

സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ ബിജു, എസ് ഹരികിഷോർ, കെ വാസുകി എന്നിവരാണ് അംഗങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button