പത്തനംതിട്ട: കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. പത്തനംതിട്ട സ്വദേശി ഗുരുജി എന്ന ഗിരീഷ് കുമാർ, തിരുവല്ല സ്വദേശി ഗോപിക എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021 മാർച്ചിൽ നടന്ന സംഭവത്തിൽ ഗാന്ധി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ ആറ് പേരെ പോലീസ് മുൻപ് തന്നെ പിടികൂടിയിരുന്നു.
10 പേരടങ്ങുന്ന സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് യുവാവ് സംഘത്തിന്റെ പക്കൽ നിന്ന് പണം വാങ്ങിയിരുന്നു. എന്നാൽ, കഞ്ചാവിന് പകരം പത്രക്കടലാസ് കൂട്ടിയിട്ട് പൊതിഞ്ഞാണ് യുവാവ് കൊടുത്തത്. പ്രകോപിതരായ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടുപോയത്.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളിൽ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ഗിരീഷും ഗോപികയും പിടിയിലാകുന്നത്.
Post Your Comments