ന്യൂയോർക്ക്: സൽമാൻ റുഷ്ദിയെ ആശുപത്രിയിലെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെന്ന വാർത്തയുമായി അടുത്ത വൃത്തങ്ങൾ. അദ്ദേഹം ചെറുതായി സംസാരിച്ചു തുടങ്ങിയെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
അദ്ദേഹത്തോടൊപ്പമുള്ള സഹ എഴുത്തുകാരനായ ആതിഷ് തസീറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെന്നും, അദ്ദേഹം ചെറുതായി സംസാരിക്കാൻ ആരംഭിച്ചെന്നും പറഞ്ഞ തസീർ, റുഷ്ദി അധികവും തമാശകളാണ് പറയുന്നതെന്നും ട്വിറ്ററിൽ കുറിച്ചിരുന്നു. സൽമാൻ റുഷ്ദിയുടെ ഏജന്റ് ആൻഡ്രൂ വയ്ലിയും ഈ വാർത്ത സ്ഥിരീകരിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായില്ല.
Also read: യമുന കരകവിഞ്ഞൊഴുകുന്നു: പ്രളയഭീഷണി, തീരപ്രദേശത്തുള്ളവരെ മാറ്റി പാർപ്പിക്കുന്നു
വെള്ളിയാഴ്ച, ന്യൂയോർക്കിൽ നടന്നിരുന്ന ഒരു സാംസ്കാരിക പരിപാടിയ്ക്കിടെയാണ് വിവാദ എഴുത്തുകാരനായ സൽമാൻ റുഷ്ദിയെ അക്രമി കുത്തി വീഴ്ത്തിയത്. റുഷ്ദിയുടെ വിവാദ പുസ്തകമായ സാത്താനിക് വേഴ്സസിൽ മതനിന്ദ ഉണ്ടെന്നാരോപിച്ച് വർഷങ്ങൾക്ക് മുമ്പ് നിരവധി രാജ്യങ്ങൾ പുസ്തകം നിരോധിച്ചിരുന്നു. അന്ന് റുഷ്ദിയെ വധിക്കാൻ പല മത പുരോഹിതരും ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഫത്‌വ പിന്നീട് പിൻവലിച്ചെങ്കിലും, അതിന്റെ പരിണിതഫലമാണ് ഇതെന്നാണ് അന്വേഷണത്തിൽ മനസ്സിലാവുന്നത്.
Post Your Comments