News

സാഹസിക വിനോദം ലോകത്തിന്റെ ട്രെന്റായി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ലോകത്ത് വളര്‍ന്നുവരുന്ന സാഹസിക വിനോദ സഞ്ചാരം ട്രെന്റായി മാറിക്കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മലബാറിന്റെ സിഗ്‌നേച്ചര്‍ ഇവന്റായി മലബാര്‍ റിവര്‍ ഫെസ്റ്റ് മാറി. ഫെസ്റ്റിലൂടെ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയുമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. സാഹസിക വിനോദ സഞ്ചാരത്തിന്റെ എല്ലാ സാധ്യതകളെയും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും. അസാധ്യമെന്ന് തോന്നുന്നത് സാധ്യമാക്കുക എന്നതാണ് സാഹസിക ടൂറിസത്തിന്റ പ്രത്യേകതയെന്നും സഞ്ചാരികള്‍ വലിയ തോതില്‍ ഈ മേഖലയിലേക്ക് കടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

കയാക്കിംഗ്, ട്രെക്കിംഗ്, ക്ലൈംബിംഗ്, റാഫ്റ്റിംഗ്, സ്‌കൂബ ഡൈവിംഗ് എന്നിങ്ങനെ നിരവധി സാഹസിക ടൂറിസം നമുക്കിടയിലുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സുഗമമായി സംഘടിപ്പിക്കുന്നതിന് കേരള ടൂറിസം വകുപ്പ് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോടഞ്ചേരി പുലിക്കയത്ത് നടന്ന ചടങ്ങില്‍ ലിന്റോ ജാസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. 14ന് തിരുവമ്പാടി ഇലന്തുകടവില്‍ നടക്കുന്ന സമാപന ചടങ്ങ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കലത്തൂര്‍,  കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, കോടഞ്ചേരി വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, സാഹസിക ടൂറിസം സിഇഒ ബിനു കുരിയാക്കോസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരത്തില്‍ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button