തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി നിയമിച്ച സംഭവത്തിനെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെ, തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി കെ. മുരളീധരന് എം.പി. കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞ കാര്യങ്ങൾ തന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് സംഘപരിവാർ അനുകൂല മാധ്യമങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും കെ.മുരളീധരനെ ആര് വിചാരിച്ചാലും സംഘിയാക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം.
‘ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ചത് ഞാനായിരുന്നു. അന്ന് ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അയാളെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആലപ്പുഴ കളക്ടറായി സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടിയെ കേരളത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും എതിര്‍ത്തിരുന്നു. അതേ നിലപാട് അതിശക്തമായി ഞാനും പറഞ്ഞിരുന്നു. ബി.ജെ.പിയുടെ കേന്ദ്രമന്ത്രി വി. മുരളീധരനില്‍ നിന്നും മാത്രമാണ് ഒറ്റപ്പെട്ട ശബ്ദം ഉണ്ടായത്. എന്നാല്‍, വി.മുരളീധരന് പറഞ്ഞതിനെ കെ.മുരളീധരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ബി.ജെ.പിക്ക് കുഴലൂത്ത് നടത്തുന്ന ഒരു ഓണ്‍ലൈന്‍ മാധ്യമം ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.
കെ.കരുണാകരന്റെ കുടുംബം എന്നും മതേതരവാദികള്‍ക്കൊപ്പം മാത്രമേ നിലകൊണ്ടിട്ടുള്ളൂ. മരണം വരെയും അത് തുടരും. നാളെ ഏത് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വന്നാലും ഭയപ്പെടാതെ സംഘപരിവാറിനെതിരെ അതിശക്തമായ നിലപാട് നാളിതുവരെയും സ്വീകരിച്ചിട്ടുണ്ട്. അന്നും ഇന്നും എന്നും അതെന്റെ ഉറച്ച നിലപാടാണ്. അതിന് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളുടെ സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. കെ.മുരളീധരനെ ആരു വിചാരിച്ചാലും സംഘിയാക്കാന്‍ ആകില്ല. നുണപ്രചരണങ്ങള്‍ ആരുടെ ക്വട്ടേഷന്‍ ആയാലും അതിന് വെച്ച വെള്ളം അങ്ങ് മാറ്റി വച്ചേക്കണം’,’ മുരളീധരന് വ്യക്തമാക്കി.
Post Your Comments