മുംബൈ: 13 കാരനെ കൊലപ്പെടുത്തി, 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലയാളികള്‍. മുംബൈയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുംബൈയിലെ കാഷിമിറയില്‍ രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് മായങ്ക് താക്കൂര്‍ എന്ന കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയെ വിളിച്ചുകൊണ്ടുപോയി വിജനമായ സ്ഥലത്തുവെച്ച് കഴുത്തുഞെരിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
Read Also: ഡീസൽ കയറ്റുമതി: തീരുവയിൽ വീണ്ടും ഇളവുകൾ വരുത്തി കേന്ദ്ര സർക്കാർ
മായങ്കിന്റെ മാതാവില്‍നിന്ന് പണം ഈടാക്കുകയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. മായങ്കിനെ കൊലപ്പെടുത്തിയ ശേഷമാണ് പ്രതികള്‍ മാതാവിനെ വിളിച്ച് 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഹെയര്‍ സ്‌റ്റൈലിസ്റ്റായ അഫ്‌സല്‍ അന്‍സാരിയും (26) മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കായ ഇമ്രാന്‍ ഷെയ്ക്കും (28) ആണ് പ്രതികള്‍. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരില്‍ അഫ്‌സല്‍ അന്‍സാരിക്ക് മായങ്കിനെ നേരത്തേ പരിചയമുണ്ടായിരുന്നു. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. തന്റെ കൈയില്‍ ഒരു സിം കാര്‍ഡ് മാത്രമേയുള്ളൂ എന്ന് കുട്ടി ഇവരോട് പറഞ്ഞിരുന്നു. ‘സിം കാര്‍ഡ് കൈയില്‍ കരുതിക്കോളൂ, മൊബൈല്‍ തരാം’ എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
വസായിയിലെ ആളൊഴിഞ്ഞ് സ്ഥലത്തു കൊണ്ടുപോയി കുട്ടിയെ കഴുത്തുഞെരിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വാലിവിലെ ഒരു അരുവിയില്‍ തള്ളി. റസ്റ്റോറന്റുകളിലും ബാറിലും ഗായികയായാണ് മായങ്കിന്റെ മാതാവ് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. വൈകീട്ട് മകന്‍ വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് അവര്‍ കാഷിമിറ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയത്.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് മായങ്കിന്റെ സിംകാര്‍ഡ് തന്റെ ഫോണിലിട്ട് പ്രതി അഫ്‌സല്‍ അന്‍സാരി കുട്ടിയുടെ മാതാവിനെ വിളിച്ചത്. മകനെ കിട്ടണമെങ്കില്‍ 25 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം അവര്‍ ഉടന്‍ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഫോണിന്റെ ഐ.എം.ഇ.എ നമ്ബര്‍ പിന്തുടര്‍ന്ന് പൊലീസ് അന്‍സാരിയെ പിടികൂടുകയായിരുന്നു. വൈകാതെ ഷെയ്ക്കും പിടിയിലായി. കുട്ടിയുടെ മൃതദേഹവും പിന്നാലെ കണ്ടെടുത്തു.
പാട്ടുകാരിയായതിനാല്‍ മായങ്കിന്റെ മാതാവിന്റെ പക്കല്‍ ഒട്ടേറെ പണമുണ്ടാകുമെന്ന നിഗമനത്തിലാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments