തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അതിപ്രശസ്തമായ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ റാഗിങ് എന്ന് പരാതി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ റാഗ് ചെയ്തു എന്ന പരാതിയുമായി രക്ഷിതാക്കളുടെ പ്രതിഷേധം. സ്‌കൂളില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ആന്റണി രാജുവിനോട് നേരിട്ട് പ്രതിഷേധം അറിയിച്ചിരിക്കുകയാണ് മാതാപിതാക്കൾ.
പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ റാഗ് ചെയ്തു എന്ന പരാതി സ്‌കൂള്‍ അധികൃതരെ അറിയിച്ചപ്പോള്‍, പരാതി വ്യാജമാണെന്നും സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും രക്ഷിതാക്കള്‍ മന്ത്രിയോട് പറഞ്ഞു. കുട്ടികള്‍ വീട്ടില്‍ പറഞ്ഞ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ഇരുപതോളം രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയതായിരുന്നു മന്ത്രി ആന്റണി രാജു. രക്ഷിതാക്കളുടെ പരാതി മന്ത്രി നേരിട്ട് കേൾക്കുകയും ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു.
Post Your Comments