നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ചുകൊണ്ടുള്ള ഇന്ത്യാ ടുഡേ മീഡിയ ഗ്രൂപ്പിന്റെ ജനറൽ മാനേജരുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറൽ മാനേജരാണെന്ന് ലിങ്ക്ഡിൻ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇന്ദ്രനിൽ ചാറ്റർജിയാണ് മുർമുവിനെ അപമാനിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
സ്വവർഗ്ഗ വിവാഹത്തെ പിന്തുണയ്ക്കാത്തതുപോലെ, ഒരു ആദിവാസി പ്രസിഡന്റിനെയും ഞാൻ പിന്തുണയ്ക്കുന്നില്ല എന്നാണ് ഇന്ദ്രനിൽ പോസ്റ്റിൽ കുറിച്ചത്. ‘കസേരകൾ എല്ലാവർക്കും വേണ്ടിയുള്ളതല്ല, അവയോട് ഒരു മാന്യത പുലർത്തണം. ഒരു തൂപ്പുകാരനെ ദുർഗാപൂജ ചെയ്യാൻ നാം അനുവദിക്കുമോ? ഒരു ഹിന്ദുവിന് മദ്രസയിൽ പഠിപ്പിക്കാൻ കഴിയുമോ? ഭരണകക്ഷിയുടെ വിലകുറഞ്ഞ സാമൂഹിക-രാഷ്ട്രീയ ഗിമ്മിക്കുകളല്ലാതെ മറ്റൊന്നുമല്ല ഇത്. അതുവഴി പ്രതിപക്ഷ പാർട്ടികളെ നടുവിരൽ കാണിച്ച് നിയമങ്ങൾ എളുപ്പത്തിൽ പാസാക്കാനാകും’, ചാറ്റർജി ഫേസ്‌ബുക്കിൽ കുറിച്ചു.
‘ഇന്ന്, നിങ്ങൾ ആ കസേരയെ മാത്രമല്ല, എപിജെ അബ്ദുൾ കലാം, പ്രണബ് മുഖർജി, എസ്. രാധാകൃഷ്ണൻ, സാക്കിർ ഹുസൈൻ, ഡോ. ശങ്കർ ദയാൽ ശർമ തുടങ്ങിയ ഏതാനും മഹാത്മാക്കളെയും അപമാനിച്ചിരിക്കുന്നു’, ചാറ്റർജി കുറിച്ചു. അതേസമയം, പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇയാൾ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു.
Post Your Comments