KeralaLatest NewsNews

മലയാളി ബിസിനസ്സ് സുഹൃത്തുക്കളുടെ കൊലപാതകം, മറ്റ് സുഹൃത്തുക്കളെ അന്വേഷിച്ച് പൊലീസ്

രണ്ട് മലയാളി സുഹൃത്തുക്കളെ തമിഴ്നാട് ധര്‍മ്മപുരി ജില്ലയിലെ നല്ലമ്പള്ളി വനമേഖലയിലെ കല്‍ക്കുവാരിക്ക് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സേലം: ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി വരികയായിരുന്ന രണ്ട് മലയാളി സുഹൃത്തുക്കളെ തമിഴ്നാട് ധര്‍മ്മപുരി ജില്ലയിലെ നല്ലമ്പള്ളി വനമേഖലയിലെ കല്‍ക്കുവാരിക്ക് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരുവനന്തപുരം കുന്നുകുഴി ഷൈന്‍ വില്ലയില്‍ ജോര്‍ജിന്റെ മകന്‍ നെവില്‍ ജി. ക്രൂസ് (57), എറണാകുളം വരാപ്പുഴ വരാഹമൂര്‍ത്തി ക്ഷേത്രത്തിനു സമീപം വലിയവീട്ടില്‍ പരേതനായ വിശ്വനാഥ പൈയുടെ മകന്‍ ശിവകുമാര്‍ പൈ (50) എന്നിവരാണ് മരിച്ചത്.

എറണാകുളം വരാപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വിശ്വനാഥ പൈയുടെയും അലമേലുവിന്റെയും മകനാണ് വലിയവീട്ടില്‍ ശിവകുമാര്‍. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ നല്ലമ്പള്ളി പുതനല്ലൂരില്‍ തൊപ്പൂര്‍ പെരിയഅല്ലി വനമേഖലയിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനത്തിലൂടെ കന്നുകാലികളെ മേയ്ക്കാന്‍ പോയവരാണ് മൃതദേഹങ്ങള്‍ കണ്ടത്.

മൃതദേഹങ്ങള്‍ 10 മീറ്റര്‍ അകലത്തിലായിരുന്നു. 100 മീറ്റര്‍ അകലെ കേരള രജിസ്ട്രേഷന്‍ കാറും കണ്ടെത്തി. രണ്ടു പേരുടേയും ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ടെന്നു പൊലീസ് അറിയിച്ചു. വെട്ടി കൊലപ്പെടുത്തിയതെന്നാണ് സംശയം.

കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും, ഇരുവരുടേയും തിരിച്ചറിയല്‍ കാര്‍ഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയാളികളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ചു. തിരുവനന്തപുരത്ത് എന്‍ജിനീയറായിരുന്ന നെവില്‍ നാല് ദിവസം മുമ്പാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിയിലേക്ക് തിരിച്ചത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടു പേരെ പൊലീസ് തേടുകയാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ മൃതദേഹങ്ങള്‍ക്ക് സമീപത്ത് തന്നെയുണ്ടായിരുന്നു. കോഴിക്കോട് മേപ്പയൂരിനടുത്ത ചെറുവണ്ണൂര്‍ സ്വദേശിയുടെ പേരിലുള്ളതാണ് കാര്‍. ഇത് വാടകയ്ക്കു നല്‍കിയതാണെന്ന് ഉടമയുടെ ബന്ധുക്കള്‍ അറിയിച്ചു.

ശിവകുമാറും നെവിലും പങ്കാളിത്തത്തോടെ സേലത്ത് ബിസിനസ് നടത്തി വരികയായിരുന്നു. വരാപ്പുഴ വലിയവീട് ട്രാവല്‍സ് ഉടമയായ ശിവകുമാര്‍ കോവിഡിനെത്തുടര്‍ന്നു പ്രതിസന്ധിയിലായതോടെയാണു സുഹൃത്തായ നെവില്‍ ജി.ക്രൂസിനൊപ്പം ബിസിനസിലേക്കു തിരിഞ്ഞതെന്നും വസ്തുക്കച്ചവടം ഉള്‍പ്പെടെ ഇവര്‍ ചെയ്തിരുന്നെന്നും പൊലീസ് പറയുന്നു. ഊട്ടിയിലേക്കെന്നു പറഞ്ഞാണു നെവില്‍ വ്യാഴാഴ്ച തിരുവനന്തപുരത്തു നിന്ന് പോയത്. എറണാകുളത്ത് നിന്ന് സുഹൃത്തുമായിട്ടാണു പോകുന്നതെന്നും അറിയിച്ചിരുന്നു. ബുധനാഴ്ച തിരിച്ചെത്തുമെന്നു കഴിഞ്ഞ ദിവസം ഭാര്യയോട് നെവില്‍ വിളിച്ചു പറഞ്ഞിരുന്നു.

ഊട്ടിയിലെ വസ്തു വില്‍ക്കാനുള്ള കരാര്‍ ഒപ്പിട്ടെന്നും തിങ്കളാഴ്ച പണം ലഭിക്കുമെന്നും നെവില്‍ ഒരു സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴിന് സേലം ഓമല്ലൂര്‍ ടോള്‍ഗേറ്റിലൂടെ കാര്‍ കടന്നുപോയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ഇരുവരേയും വാഹനത്തിനൊപ്പം തട്ടിക്കൊണ്ടുപോയി മറ്റൊരിടത്തെത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ വനമേഖലയിലെത്തിച്ച് തള്ളിയിട്ടതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തു നിന്നു സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയില്‍ ധര്‍മപുരി എത്തുന്നതിന് മുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റര്‍ ഉള്ളില്‍ വനമേഖലയിലുള്ള ക്രഷര്‍ യൂണിറ്റിനു സമീപം രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. ഊട്ടിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നെവിലും സുഹൃത്തുക്കളും ചേര്‍ന്ന് ഭൂമി വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button