എറണാകുളം: വിശാല കൊച്ചി മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന 73980 കോടി രൂപയുടെ വികസന പദ്ധതികൾ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് മുന്നിൽ അവതരിപ്പിച്ച് ജി.സി.ഡി.എ. അടിസ്ഥാന സൗകര്യ വികസനം മുതൽ പാർപ്പിടവും വിനോദ, സാംസ്കാരിക കേന്ദ്രങ്ങളും വരെ ഉൾപ്പെടുന്ന വിവിധ പദ്ധതികളാണ് മറ്റ് വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കാമെന്ന് ജി.സി.ഡി.എ നിർദ്ദേശിച്ചത്.
ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അതോറിറ്റി ആസ്ഥാനത്തെത്തിയ ചീഫ് സെക്രട്ടറി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി.സി.ഡി.എ സെക്രട്ടറി കെ.വി അബ്ദുൾ മാലിക്കാണ് പദ്ധതികൾ സംബന്ധിച്ച അവതരണം നടത്തിയത്. മേയർ എം. അനിൽകുമാർ, കെ.ജെ മാക്സി എം.എൽ.എ, ജില്ലാ കളക്ടർ ജാഫർ മാലിക്, കൊച്ചി സ്മാർട് മിഷൻ സി.ഇ.ഒ എസ്. ഷാനവാസ്, സബ് കളക്ടർ പി. വിഷ്ണുരാജ് എന്നിവരും വിവിധ വകുപ്പുകളുടെയും കൊച്ചി മെട്രോ റെയിലിൻറെയും ഉന്നതോദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ജി.സി.ഡി.എയുടെ തനത് പദ്ധതികൾക്ക് പുറമെ കൊച്ചി കോർപ്പറേഷൻ, സർക്കാർ വകുപ്പുകൾ, കൊച്ചി സ്മാർട്ട് മിഷൻ, കൊച്ചി മെട്രോ എന്നിവയുമായി ചേർന്ന് നടപ്പാക്കാവുന്ന പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു. കൊച്ചിയുടെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനം ലക്ഷ്യമിടുന്നവയാണ് ഈ പദ്ധതികളെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു.
കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡിൻറെ സഹായത്തോടെ നടപ്പാക്കാവുന്ന എട്ട് പദ്ധതികളുടെ വിശദ പദ്ധതി രേഖ തയാറായിട്ടുണ്ട്. 47 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതികൾക്ക് ആദ്യഘട്ടമായി 13.32 കോടി രൂപയ്ക്ക് സി.എസ്.എം.എൽ അംഗീകാരം നൽകി. മറൈൻഡ്രൈവിൻറെയും രാജേന്ദ്രമൈതാനത്തിൻറെയും നവീകരണം ഇതിൽ ഉൾപ്പെടുന്നു. ചങ്ങമ്പുഴ പാർക്ക് വികസനം, ഏഴ് കേന്ദ്രങ്ങളിൽ ടോയിലറ്റ് കോംപ്ലക്സുകൾ, പ്രാദേശിക പാർക്കുകളുടെ നവീകരണം, ലൈഫ് മിഷനുള്ള സഹായം എന്നിവയ്ക്കും സി.എസ്.എം.എൽ അംഗീകാരം നൽകിയിട്ടുണ്ട്. മുണ്ടംവേലിയിൽ സൂവിജ് ട്രീറ്റ്മെൻറ് പ്ലാൻറ്, കലൂർ മാർക്കറ്റ് നവീകരണം, വിമൻ ഫിറ്റ്നസ് സെൻറർ, സ്പോർട്സ് അരീന എന്നിവ പരിഗണനയിലാണ്.
Post Your Comments