ശ്രീനഗർ: കശ്മീരികളുടെ 70 വർഷത്തെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുവിൽ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പതിറ്റാണ്ടുകളോളം കുടുംബഭരണത്തിന്റെ ഭാരം ജമ്മുകശ്മീരിന് സഹിക്കേണ്ടി വന്നു. വംശീയ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്വന്തം താൽപ്പര്യത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജമ്മുകശ്മീരിലെ യുവാക്കളെ അവഗണിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിന്റെ മുഖം മാറി. ജമ്മു കശ്മീരിന്റെ വികസനത്തിന് ഏറ്റവും വലിയ തടസമായിരുന്നു ആർട്ടിക്കിൾ 370 എന്നത്. ബിജെപി സർക്കാർ അത് റദ്ദാക്കി. ജമ്മു കശ്മീർ ഇപ്പോൾ വികസനത്തിലേക്ക് നീങ്ങുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാലാണ് ഇത് സാധ്യമായത്. പതിറ്റാണ്ടുകളായി ജമ്മു കശ്മീരിന് കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ ഭാരം സഹിക്കേണ്ടി വന്നു. അവർക്ക് അവരുടെ കുടുംബങ്ങളെക്കുറിച്ച് മാത്രമാണ് ആശങ്ക. നിങ്ങളുടെ താൽപ്പര്യങ്ങളെക്കുറിച്ചല്ല. കശ്മീരിലെ കുടുംബങ്ങളും പ്രദേശത്തെ യുവാക്കളും ഇതുമൂലം വലിയ ദുരിതം അനുഭവിച്ചിട്ടുണ്ട്. ഈ കുടുംബാധിപത്യ രാഷ്ട്രീയത്തിൽ നിന്ന് ജമ്മു കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വിശദമാക്കി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 370 സീറ്റുകളും എൻഡിഎയ്ക്ക് 400 സീറ്റുകളും നേടാൻ ബിജെപിയെ സഹായിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. തനിക്ക് നിങ്ങളിൽ പൂർണ വിശ്വാസമുണ്ട്. തങ്ങൾ ഈ നാടിനെ ‘വിക്ഷിത് ജമ്മു കശ്മീർ’ ആക്കും. നിങ്ങളുടെ 70 വർഷത്തെ സ്വപ്നങ്ങൾ വരും വർഷങ്ങളിൽ ഈ മോദി സാക്ഷാത്കരിക്കും. മുമ്പ് ബോംബ് സ്‌ഫോടനം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ നിരാശാജനകമായ വാർത്തകൾ മാത്രമേ ജമ്മു കശ്മീരിൽ നിന്നും വന്നിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ജമ്മു കശ്മീർ വികസനത്തിന്റെ പാതയിലാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
Post Your Comments