KeralaLatest NewsNews

ആയുഷ് മേഖലയിൽ വൻ മുന്നേറ്റം: 177.5 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 177.5 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദിവാസി മേഖലയിൽ 15 കോടി രൂപ ചെലവിൽ ഒരു ആശുപത്രിയും 10.5 കോടി ചിലവിൽ 2 ആശുപത്രികളും ഉൾപ്പെടെ 4 പുതിയ ആയുഷ് സംയോജിത ആശുപത്രികൾ സജ്ജമാക്കും. വർക്കല പ്രകൃതി ചികിത്സാ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 15 കോടി രൂപ അനുവദിച്ചു. 87 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതൽ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി, കേന്ദ്രത്തെ പഴിചാരി പിണറായി സര്‍ക്കാര്‍: നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

സംസ്ഥാനത്തെ എല്ലാ സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകളും എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകളും സ്ഥാപിക്കും. 17 ആയുർവേദ ആശുപത്രികളെ മെഡിക്കൽ ടൂറിസം പദ്ധതിക്കായി സജ്ജമാക്കും. 50 ആയുർവേദ, ഹോമിയോപ്പതി ആശുപത്രികളെ എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തും.

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എല്ലാ ചികിത്സാ കേന്ദ്രങ്ങൾക്കും ഈ പദ്ധതിയിലൂടെ ഗുണഫലം ഉണ്ടാകും. സ്‌പോർട്‌സ് ആയുർവേദ പദ്ധതി, ദിന പഞ്ചകർമ പദ്ധതി, വിളർച്ചാ നിവാരണത്തിനായുള്ള അരുണിമ പദ്ധതി ഉൾപ്പെടെ ഒട്ടനേകം പൊതുജനാരോഗ്യ പരിപാടികൾ വലിയതോതിൽ വിപുലീകരിക്കും. ഹോമിയോപ്പതിയിലൂടെ പ്രീ ഡയബറ്റീസ് പ്രതിരോധത്തിനായുള്ള പ്രത്യേക പദ്ധതി, സിദ്ധ, യുനാനി തെറാപ്പി കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കും. ആയുഷ് മേഖലയ്ക്ക് പ്രത്യേക എൻജിനിയറിങ് വിഭാഗം, നൂതനമായ എൽ.എം.എസ്. (Learning Management System) എന്നിവ സജ്ജമാക്കും.

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറി സജ്ജമാക്കുന്നതിന്റെ ഭാഗമായി 35 പഞ്ചായത്തുകളിലും 7 മുൻസിപ്പാലിറ്റികളിലും ഹോമിയോപ്പതി സേവനം ലഭ്യമാക്കുന്നതിനുള്ള തുകയും ഇതിലുൾക്കൊള്ളിച്ചിട്ടുണ്ട്.

എല്ലാ ജില്ലാ ആയുർവേദ ആശുപത്രികളിലും ജീവിതശൈലീ രോഗ ചികിത്സയ്ക്കായി ഉന്നതതല കേന്ദ്രങ്ങൾ സജ്ജമാക്കും. കോഴിക്കോട് പുറക്കാട്ടീരി കുട്ടികളുടെ സ്പെഷ്യലിറ്റി ആയുർവേദ ആശുപത്രിക്കും ഇടുക്കി പാറേമാവ് ആയുർവേദ പാലിയേറ്റീവ് കെയർ ആശുപത്രിക്കും പ്രത്യേക പദ്ധതിയും അനുവദിച്ചിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ മുഖേനയാണ് ഈ പ്രവർത്തികൾ നടപ്പിലാക്കുന്നത്.

Read Also: ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമ നിർമ്മാണത്തിന് ഒരുങ്ങി അസം സർക്കാർ: പൊതുജനാഭിപ്രായം തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button