
ഗുജറാത്ത്: സംസ്ഥാനത്ത് നടന്ന ക്രിക്കറ്റ് ലീഗ് തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐ.പി.എൽ മതൃകയിൽ ഗുജറാത്തിലെ ഗ്രാമത്തിലായിരുന്നു തട്ടിപ്പ് മത്സരം. റഷ്യയിലെ വാതുവെപ്പുകാരിൽ നിന്ന് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗിന്റെ സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.
ഷോയിബ് ദാവ്ദയുടെ നേതൃത്വത്തിലാണ് തട്ടിപ്പെന്നും റഷ്യയിലെ ബാർ ജീവനക്കാരനായിരുന്ന ഷോയ്ബ് ഇവിടെ വെച്ച് വാതുവെപ്പിന്റെ വിവരങ്ങൾ മനസ്സിലാക്കിയെന്നും തുടർന്ന് ഇന്ത്യയിലേക്കെത്തിയ ഇദ്ദേഹം വിശദമായ പദ്ധതി തയ്യാറാക്കിയെന്നുമാണ് പോലീസ് നിഗമനം. ‘തട്ടിപ്പിനായി അഹമ്മദാബാദിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറം മോലിപ്പൂർ ഗ്രാമത്തിൽ കൃഷിസ്ഥലം വാടകക്ക് എടുത്തു. പിച്ച് തയ്യാറാക്കി ഗ്രൗണ്ടിന് ചുറ്റും ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ച് വൻകിട ക്രിക്കറ്റ് ലീഗിന്റെ കെട്ടും മട്ടും ഉണ്ടാക്കി. പിന്നീട് തൊഴിൽ രഹിതരേയും കർഷകരേയും കളിക്കാരായി വാടകക്ക് എടുത്ത് ടീമുണ്ടാക്കി. ഓരോ മത്സരത്തിനും 400 രൂപയായിരുന്നു കൂലി’- അന്വേഷണം സംഘം വ്യക്തമാക്കി.
‘കളിക്കാർക്ക് ഐ.പി.എൽ ടീമുകളുടേത് പോലെ ജഴ്സി ധരിപ്പിച്ചാണ് കളിക്കളത്തിലിറക്കിയത്. അംമ്പെയർമാർക്ക് വോക്കി ടോക്കി ഉൾപ്പെടെയുള്ളയും നൽകി. ടീമുകൾക്ക് ഐ.പി.എൽ മാതൃകയിൽ തന്നെ പേരുകളും ഷോയ്ബ് നൽകിയിരുന്നു. എച്ച്.ഡി ക്യാമറയിൽ മത്സരങ്ങൾ ചിത്രീകരിച്ച് യൂട്യൂബിൽ സംപ്രേക്ഷണം ചെയ്തു. ഇതോടെ മത്സരം കണ്ടവർ ഇന്ത്യയിൽ ഐ.പി.എൽ മാതൃകയിൽ വൻകിട ക്രിക്കറ്റ് ലീഗ് നടക്കുന്നുണ്ടെന്ന് തെറ്റിദ്ധരിച്ചു. ഇന്ത്യയിലെ ക്രിക്കറ്റ് കളികളെക്കുറിച്ച് ധാരണയില്ലാത്ത വിദേശികളായിരുന്നു ഷോയ്ബിന്റെ ലക്ഷ്യം. വിശ്വാസ്യതക്ക് വേണ്ടി ഹർഷാ ബോഗ്ലയുടെ ശബ്ദത്തില്‍ കമന്‍ററിയും ഗ്രാഫിക്സും നല്‍കിയിരുന്നു’- ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments