തിരുവനന്തപുരം: ആഭ്യന്തര കലഹം രൂക്ഷമായ ശ്രീലങ്കയിൽ നിന്ന്, ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ റിപ്പോർട്ട്. വരും ദിവസങ്ങളിൽ, ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നും തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
അതേസമയം, പ്രതിസന്ധികൾ മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചിരുന്നു. സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രധാനമന്ത്രി രാജിവച്ചത്. ആദ്യം രാജി ആവശ്യം നിരസിച്ചെങ്കിലും സമ്മര്‍ദ്ദമുയര്‍ന്നതോടെ രാജി വയ്ക്കാന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ സന്നദ്ധത അറിയിക്കുകയായിരുന്നു.
സർക്കാരിന്റെ തുടർച്ചയും അതുവഴി ജനങ്ങളുടെ സുരക്ഷയും പരിഗണിച്ചാണ് രാജിയെന്ന് വിക്രമസിംഗെ ട്വിറ്ററിൽ കുറിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ, പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. പതിനായിരക്കണക്കിനു വരുന്ന ജനക്കൂട്ടം പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച്, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.
Post Your Comments