മുംബൈ: പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഷിൻഡെയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു. യഥാർത്ഥ ശിവസേന, താൻ ഉൾപ്പെടുന്ന പ്രവർത്തകരുടെ സംഘമാണെന്ന് ഏകനാഥ് ഷിൻഡെ സുപ്രീം കോടതിയിൽ മൊഴി നൽകിയതിന് ശേഷമാണ് ഈ നടപടി.
‘ശിവസേന പക്ഷ പ്രമുഖ എന്ന, എന്നിൽ നിക്ഷിപ്തമായിരിക്കുന്ന പദവി നൽകുന്ന അധികാരമുപയോഗിച്ച് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ താങ്കളെ പുറത്താക്കുന്നു’ ഉദ്ധവ് താക്കറെ ഏക്നാഥ് ഷിൻഡേയ്ക്ക് നൽകാനായി തയ്യാറാക്കിയ കത്തിൽ പരാമർശിക്കുന്നു.
അതേസമയം, നിലവിൽ ശിവസേനയുടെ നേതാവ് താനാണെന്നും, ഭൂരിപക്ഷം അണികളും നേതാക്കളും തന്നെ കൂടെയാണ് ഉള്ളതെന്നും ഏക്നാഥ് ഷിൻഡെ പറയുന്നു. ഉദ്ധവ് താക്കറെയുടെ പക്ഷത്ത് വളരെ ചുരുക്കം ആളുകളേ ഉള്ളൂവെന്നും, എന്നാൽ അദ്ദേഹം സ്വയം പക്ഷ പ്രമുഖ് എന്നാണ് വിളിക്കുന്നതെന്നും ഷിൻഡെ പരിഹസിക്കുന്നു.
Post Your Comments