Latest NewsIndia

ദീർഘകാലമായുള്ള ഭൂമിതർക്കം: ശിവസേന നേതാവിനെതിരെ വെടിയുതിർത്ത് ബിജെപി എംഎൽഎ

മുംബൈ: ശിവസേന നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദാണ് ശിവസേന നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനെ വെടിവെച്ചത്. വെടിയേറ്റ നേതാവിൻ്റെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോർട്ട്.

മഹേഷിനു നേരെ ഗണപത് ഗെയ്‌ക്‌വാദ് നാല് റൗണ്ട് വെടിവെച്ചു എന്നാണ് റിപ്പോർട്ടുകൾ. വെടിവയ്പിൽ മഹേഷ് ഗെയ്‌ക്‌വാദിനും ഷിൻഡെ അനുയായിയായ രാഹുൽ പാട്ടീലിനും ഗുരുതരമായി പരിക്കേറ്റു. രാത്രി 11 മണിയോടെ ഇരുവരെയും ഉല്ലാസ്‌നഗറിലെ മീരാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വെടിയേറ്റ നേതാക്കളുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇരു നേതാക്കളെയും താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിലേക്ക് മാറ്റി.

ദീർഘകാലമായി നിലനില് ക്കുന്ന ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടെയാണ് ആക്രമണം നടന്നത്. ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ ക്യാബിനിൽ വച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. രണ്ടു രാഷ്ട്രീയ നേതാക്കളും അവരുടെ അനുയായികളും ഈ സമയം ക്യാബിനിൽ ഉണ്ടായിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ പ്രതിയായ ബിജെപി എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദും ശിവസേന സിറ്റി അധ്യക്ഷൻ മഹേഷ് ഗെയ്‌ക്‌വാദും തമ്മിൽ ഏറെ നാളായി ഭൂമി സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെത്തുടർന്ന് അനുനയന ചർച്ചകൾക്കായി രണ്ടു നേതാക്കളും ഹിൽലൈൻ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ചർച്ചകൾക്കിടയിൽ ഇരുകൂട്ടരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ ശിവസേന ഷിൻഡെ ഗ്രൂപ്പ് നേതാവ് മഹേഷ് ഗെയ്‌ക്‌വാദിനെതിരെ ബിജെപി എംഎൽഎ ഗണപത് ഗെയ്‌ക്‌വാദ് വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ കോടതി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് ഗണേഷ് ഗെയ്ക്‌വാദ് ഫോണിൽ ഒരു വാർത്താ ചാനലിനോട് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം ശിവസേന മേധാവിയുടെ ഭരണത്തിന് കീഴിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്നും ആരോപിച്ചു. ഏകനാഥ് ഷിൻഡെ ബിജെപിയെ ഒറ്റിക്കൊടുക്കുമെന്നും ഗെയ്ക്ക്വാദ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഏകനാഥ് ഷിൻഡെ ഉദ്ധവ് താക്കറെയെ ചതിച്ചു, അതേ രീതിയിൽ ബിജെപിയെ ചതിക്കാൻ പോകുകയാണ്. എന്നിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു, ഈ സംഭവത്തിൽ കോടതി എന്ത് തീരുമാനമെടുത്താലും താൻ അത് സ്വീകരിക്കുമെന്നും ബിജെപി എംഎൽഎ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button