ന്യൂഡൽഹി: യഥാർത്ഥ ശിവസേന ഏതെന്ന തർക്കത്തിന് ക്ലൈമാക്സ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടിയുടെ പേരും ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നമായ ‘അമ്പും വില്ലും’ ഷിന്‍ഡെ വിഭാഗത്തിന് ഉപയോഗിക്കാം.
ശിവസേന സ്ഥാപകൻ ബാലാ സാഹേബ് താക്കറെയുടെ മകൻ ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. ശിവസേനയുടെ 55 എംഎൽഎമാരിൽ 76 ശതമാനം പേരും ഷിൻഡെ വിഭാഗത്തിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. 23.5 ശതമാനം എംഎൽഎമാർ മാത്രമാണ് ഉദ്ധവ് താക്കറെ വിഭാഗത്തെ പിന്തുണച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയെ സ്വാഗതം ചെയ്തു ഷിൻഡെ വിഭാഗം രംഗത്തെത്തി.
ഇത് ബാലാ സാഹേബ് താക്കറെയുടെ വിജയമാണെന്ന് ഷിൻഡെ പക്ഷം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയെ അപലപിച്ച ഉദ്ധവ് പക്ഷം കമ്മീഷൻ ബിജെപി ഏജന്റായി പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ചു. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേനയ്ക്ക് ഇടക്കാല പാര്‍ട്ടി പേരായ ശിവസേന ഉദ്ദവ് ബാലാസാഹബ് താക്കറെ എന്ന പേരില്‍ മത്സരിക്കാം. ‘തീപ്പന്തം’ ആണ് അനുവദിക്കപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പ് ചിഹ്നം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് ഏക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബിജെപിയുടെ സഹായത്തോടെ മുഖ്യമന്ത്രിയാകുന്നത്.
Post Your Comments