തിരുവനന്തപുരം : ആറ്റിങ്ങല്‍ ആലങ്കോട് ചാത്തന്‍പാറയില്‍ തട്ടുകട നടത്തിയിരുന്ന മണികണ്ഠനും കുടുംബവും ആത്മഹത്യ ചെയ്തതിനു പിന്നില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത. ഭക്ഷ്യസുരക്ഷാ വകുപ്പ് മണികണ്ഠന്റെ തട്ടുകടയ്ക്ക് അരലക്ഷം രൂപ പിഴചുമത്തിയെന്നത് വ്യാജ പ്രചാരണമെന്ന് കണ്ടെത്തി. അയ്യായിരം രൂപ പിഴയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ചുമത്തിയത്. മണികണ്ഠന്‍ ഈ തുക അടയ്ക്കുകയും ചെയ്തു. പണമടച്ചതിന്റെ തെളിവ് ലഭിച്ചതോടെയാണ് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് തെളിഞ്ഞത്.
Read Also: വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചു: വെളിപ്പെടുത്തലുമായി സഞ്ജയ് റാവത്ത്
ഇതോടെ, യഥാര്‍ത്ഥ മരണകാരണം തേടുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ചാത്തന്‍പാറയിലെ തട്ടുകടയ്ക്ക് നോട്ടീസ് നല്‍കിയത്. നേരത്തെ രണ്ടുവട്ടം ഈ കടയ്ക്ക് ലൈസന്‍സ് എടുക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും എടുത്തിരുന്നില്ല. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതോടെ ഇനി ലൈസന്‍സ് എടുത്താല്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്തണമെന്ന നോട്ടീസാണ് നല്‍കിയത്. നോട്ടീസ് കൈപറ്റിയ മണികണ്ഠന്‍ വ്യാഴാഴ്ച തൈക്കാട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെത്തി, അയ്യായിരം രൂപ പിഴ അടച്ചു. 100 രൂപയുടെ ലൈസന്‍സാണ് തട്ടുകടകള്‍ക്ക്
എടുക്കേണ്ടത്. വാര്‍ഷിക വരുമാനം 12 ലക്ഷത്തില്‍ കൂടുതലുള്ള കടകള്‍ക്ക് 2000 രൂപയുടെ ലൈസന്‍സും.
വ്യാഴാഴ്ച ഓഫീസിലെത്തി മണികണ്ഠന്‍ ഭാവിയില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ 2000 രൂപയുടെ ലൈസന്‍സിന് അപേക്ഷിച്ചു. തുടര്‍ന്ന് കട തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായാണ് വിവരം. നിയമം അനുശാസിക്കുന്ന നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കിയ വ്യക്തി പിറ്റേദിവസം അതേ കാരണത്താല്‍ അത്മഹത്യ ചെയ്യില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഭാര്യയെയും രണ്ട് മക്കളെയും അമ്മയുടെ സഹോദരിയെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്യാന്‍ മാത്രം ഈ വിഷയം കാരണമാകില്ലെന്ന് പൊലീസ് ഉറപ്പിക്കുന്നു.
ശനിയാഴ്ച രാവിലെയാണ് ചാത്തന്‍പറ ജംഗ്ക്ഷനില്‍ തട്ടുകട നടത്തുന്ന കുട്ടന്‍ എന്ന് വിളിക്കുന്ന മണികണ്ഠന്‍ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments