മുംബൈ: വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. എന്നാൽ, താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് അതു നിരസിച്ചെന്നും റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു തെറ്റും ചെയ്തിട്ടില്ലെന്ന പൂർണ്ണ ബോധ്യമുള്ളതിനാൽ വളരെ ആത്മവിശ്വാസത്തോടെയാണ് ഇ.ഡിക്ക് മുന്നിൽ ഹാജരായത്. പത്ത് മണിക്കൂർ അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകി കഴിഞ്ഞതിന് ശേഷമാണ് ഞാൻ ഇ.ഡി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്. സത്യം നിങ്ങളുടെ പക്ഷത്താണെങ്കിൽ എന്തിനാണ് ഭയപ്പെടുന്നത്. തനിക്ക് വേണമെങ്കിൽ ഗുവാഹത്തിയിലെ വിമത ക്യാമ്പിലേക്ക് പോകാമായിരുന്നു. എന്നാൽ താൻ ബാലാസാഹെബിന്റെ പിൻഗാമിയായതിനാൽ അത് ചെയ്തില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് അധികാരത്തിലേറിയ ഏക്‌നാഥ് ഷിൻഡെ ശിവസേനയുടെ മുഖ്യമന്ത്രിയല്ല. മുംബൈയിൽ ശക്തി പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന ശിവസേനയെ ദുർബലപ്പെടുത്താനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയ നടപടി. യഥാർത്ഥ ശിവസേനക്കാർ ഒരിക്കലും പ്രലോഭനങ്ങളിൽ വീഴില്ല. അവര്‍ ഉദ്ധവ് താക്കറെക്ക് ഒപ്പമാണ്’- അദ്ദേഹം വ്യക്തമാക്കി.
Post Your Comments