ThiruvananthapuramKeralaNattuvarthaLatest NewsNews

തൊഴിലുറപ്പ്‌ കരാർ ജീവനക്കാരുടെ കാലാവധി നീട്ടി: പുതിയ അറിയിപ്പ് ഇങ്ങനെ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിലും ജോലി ചെയ്യുന്ന കരാർ ജീവനക്കാരുടെ കാലാവധി രണ്ട്‌ വർഷം കൂടി നീട്ടിനൽകാൻ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ജൂൺ 30ന്‌ ശേഷം വ്യവസ്ഥകളോടെയാകും രണ്ട്‌ വർഷത്തേക്ക് കരാർ പുതുക്കി നൽകുക. കരാർ പുതുക്കുന്ന എല്ലാ ജീവനക്കാരുടെയും പെർഫോർമൻസ്‌ അപ്രൈസൽ നടപടി ജൂലൈ 25നകം പൂർത്തിയാക്കണം. തൃപ്തികരമായി ജോലി ചെയ്യുന്നില്ലെന്ന് പെർഫോർമൻസ്‌ അപ്രൈസലിൽ വിലയിരുത്തിയാൽ കരാർ ജൂലൈ 30ന്‌ അവസാനിപ്പിക്കണം. കരാർ വ്യവസ്ഥയിൽ ഇക്കാര്യം വ്യക്തമായി ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.

സാധാരണ പദ്ധതികളിൽ നിന്ന് വിഭിന്നമായി പൂർണ്ണമായും എം ഐ എസ്‌ അധിഷ്ഠിതമായാണ്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്‌. പരിശീലനം ലഭിച്ചവരും പരിചയ സമ്പന്നരുമായ ജീവനക്കാരുടെ സേവനം ചില തദ്ദേശ സ്ഥാപനങ്ങൾ അവസാനിപ്പിച്ചത്‌ പദ്ധതിയെ സാരമായി ബാധിച്ചിട്ടുണ്ട്‌. അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയുടെ കാര്യത്തിലും സമാനമാണ്‌‌ സാഹചര്യം. ഇത്‌ വിലയിരുത്തിയാണ്‌‌ ഉദ്യോഗസ്ഥരുടെ സേവനത്തുടർച്ച ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഇടപെടലെന്നും മന്ത്രി അറിയിച്ചു.

ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ കരാർ കാലാവധി നീട്ടി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സാങ്കേതിക സഹായം നൽകുന്നതിന്‌ കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ കരാർ കാലാവധിയും ദീർഘിപ്പിച്ചു. നിയമന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുംവരെയാണ്‌ കാലാവധി ദീർഘിപ്പിച്ചത്‌. മാർച്ച്‌ 31ന്‌ അവസാനിച്ച കാലാവധി മുൻപ് മൂന്ന് മാസം നീട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button