കൊല്ലം: താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാനുള്ള തെറ്റ് താൻ ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍. പരാതികള്‍ രേഖാമൂലം ‘അമ്മ’യെ ധരിപ്പിച്ചിരുന്നതാണെന്നും അതിലൊന്നും നടപടിയെടുക്കാതെയാണ് ഇപ്പോള്‍, തനിക്കെതിരെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മ’ എന്ന സംഘടന സ്ഥാപിതമായത് തന്റെ കൂടി പൈസ കൊണ്ടാണെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി. സംഘടനയുടെ ലെറ്റര്‍ പാഡിന്റെ പൈസ കൊടുത്തത് താനാണെന്നും ആ ലെറ്റര്‍ പാഡിലൂടെ തന്നെ പുറത്താക്കുകയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഷമ്മി തിലകന്റെ വാക്കുകൾ ഇങ്ങനെ;
2021ല്‍ നടന്ന ജനറല്‍ ബോഡിയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, നടപടി നടന്നുകൊണ്ടിരിക്കുകയാണ്. ആ നടപടി എന്ന് പറയുന്നത്, എനിക്ക് ആദ്യം എക്‌സിക്യൂട്ടീവ് കമ്മിറ്റി വിശദീകരണ കത്ത് തന്നു. ആ കത്തിന് സമയ ബന്ധിതമായി, ഓരോ വാക്കുകളെ വെച്ചും സെന്റന്‍സിനെ വെച്ചും പാരഗ്രാഫുകളെ അടിസ്ഥാനമാക്കി, വിശദമായ മറുപടി ഞാന്‍ കൊടുത്തിട്ടുണ്ട്. അതിന് ശേഷം തൃപ്തികരമല്ല എന്ന റിപ്ലേ ഒന്നും തന്നിട്ടില്ല. നടപടി നേരിടാന്‍ ഞാന്‍ തയ്യാറാണ്. എന്റെ പേരില്‍ തെറ്റുണ്ടെങ്കില്‍, തെറ്റ് എന്നെ ബോധ്യപ്പെടുത്തിയിട്ടില്ല. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് എന്നത് എനിക്ക് വ്യക്തമായിട്ടില്ല.
എന്റെ വാദം കേള്‍ക്കാതെയാണ് പുറത്താക്കുന്നതെങ്കില്‍ അത് തെറ്റ്. അതിന് മാത്രം വലിയ തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞത്, പുറത്താക്കിയിട്ടില്ല എന്നാണ്. പുറത്താക്കിയില്ലെങ്കില്‍ നല്ല കാര്യം. ഞാൻ പ്രതീക്ഷിച്ചത് ശാസന അല്ലെങ്കില്‍ മാപ്പ് അപേക്ഷയാണ്. ‘അമ്മ’ എന്നെ പുറത്താക്കുമെന്ന് ഞാന്‍ കരുതുന്നേയില്ല. ‘അമ്മ’ മാഫിയ സംഘമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അതിനേക്കാൾ അപ്പുറമാണ്. മാഫിയ സംഘം എന്ന പരാമർശത്തെ കുറിച്ച്, അവർ വാർത്ത സമ്മേളനത്തിൽ ഒന്നും സംസാരിച്ചിട്ടില്ല. എന്നെ പുറത്താക്കിയിട്ടില്ല എന്നാണ് അവർ പറഞ്ഞത്. അപ്പൊ ഒരു അംഗമെന്ന നിലക്ക് അതിനുളള വിശദീകരണം ഞാൻ ഇപ്പോൾ നൽകുന്നില്ല.
അമ്മ എന്ന സംഘടന 1994 സ്ഥാപിതമാകുന്നത് എന്റെയും പൈസ കൊണ്ടാണ്. എന്റെ അറിവ് ശരിയാണെങ്കിൽ മൂന്നാമത് അംഗത്വമെടുത്തയാളാണ് ഞാൻ. ആ അംഗത്വത്തിനായി എന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിക്കുന്നത് ഇന്നത്തെ വൈസ് പ്രസിഡന്റ് മണിയൻ പിളള രാജു ചേട്ടനാണ്. ചെക്ക് വേണോ കാശ് വേണോ ചേട്ടാ എന്ന്, അന്ന് ഞാൻ ചോദിച്ചു. അപ്പോ പുളളി പറഞ്ഞത് ‘എടേയ്, ലെറ്റർ പാഡൊക്കെ അടിക്കാൻ പൈസ വേണ്ടടേയ്, പൈസ തരൂ’ എന്ന്. അപ്പൊ ഞാൻ പതിനായിരം രൂപയെടുത്ത് കൊടുത്തു. അങ്ങനെയാണ് ഞാൻ അംഗമായത്. അമ്മയുടെ ലെറ്റർ പാഡിന്റെ പൈസ ഞാൻ കൊടുത്തത്. അപ്പൊ ആ ലെറ്റർ പാഡിൽ തന്നെ എന്നെ പുറത്താക്കി കൊണ്ടുളള നോട്ടീസ് വരട്ടെ. അന്നേരം ഞാൻ അതിന് അനുസരിച്ച് പെരുമാറും.
Post Your Comments