തിരുവനന്തപുരം: ആന്ധ്രയില്‍ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന 125 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ മേലെവീട് പ്രീതഭവനിൽ കാവുവിള ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണൻ (33) മലയിൻകീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തൻ വീട്ടിൽ സജീവ് (26), തൈക്കാട് രാജാജി നഗർ സ്വദേശി സുബാഷ് (34) എന്നിവരാണ് പിടിയിലായത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗനസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്‍റെ സഹായത്തോടെ കഴക്കൂട്ടം പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വിൽപ്പന നടത്തുന്ന പ്രധാന സംഘമാണ് പൊലീസ് പിടിയിലായത്. ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്‍റെ നിര്‍ദ്ദേശ പ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ഷീൻ തറയിലിന്‍റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
Read Also : ഡെപ്യൂട്ടി സ്പീക്കര്‍ക്ക് 37 എം.എല്‍.എമാരുടെ കത്ത്: നിയസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു
ആന്ധ്രയിൽ നിന്നും കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി വന്ന സംഘത്തെ കേരള അതിർത്തി മുതൽ സ്പെഷൽ ടീം പല സംഘങ്ങളായി തിരിഞ്ഞ് പിന്തുടർന്നു വന്ന്, കഴക്കൂട്ടം ദേശീയ പാതയിൽ കൃത്രിമ ഗതാഗത തടസം സൃഷ്ടിച്ച് കഴക്കൂട്ടം പൊലീസും സ്പെഷ്യൽ ടീമും ചേർന്ന് പിടികൂടുകയായിരുന്നു. 125 കിലോ കഞ്ചാവും അത് കടത്താൻ ഉപയോഗിച്ച വെര്‍ണ, സ്കോട കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments