തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതിനു പിന്നാലെ, രോഗി മരിച്ച സംഭവത്തിൽ നടന്നത് ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നത് മുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്നാണ് പ്രോട്ടോക്കോൾ. എന്നാല്‍, ഇവിടെ അത് പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
രോഗിയെ തുടക്കം മുതൽ പി.ജി വിദ്യാർഥികൾ മാത്രമാണ് പരിചരിച്ചതെന്നും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്ന നെഫ്രോളജി വിഭാഗം മേധാവി പകരം ചുമതല ആരെയും ഏൽപ്പിച്ചില്ലെന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു.
ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ റിട്ട. ഐ.ടി.ഐ ഇൻസ്ട്രക്ടർ ജി.സുരേഷ് കുമാർ ആണ് പിറ്റേന്ന് മരിച്ചത്.
ഞായറാഴ്ച മൂന്നരയോടെ ആശുപത്രിയിലെത്തിച്ച സുരേഷ് കുമാറിനെ ഡയാലിസിസിനു വിധേയമാക്കി. ഇതു 4 മണിക്കൂറോളം നീളുമെന്ന് അറിയാവുന്ന സീനിയർ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപ് എത്താമെന്നു കരുതി വീടുകളിലായിരുന്നു.
Post Your Comments