തിരുവനന്തപുരം: ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരണത്തിൽ, ആരോപണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്ത്. ജോ ജോസഫിന്റെ വ്യാജ വീഡിയോ നിർമ്മിച്ചത് ക്രൈം നന്ദകുമാറും വി.ഡി സതീശനുമെന്ന് ഇ.പി ജയരാജൻ ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷിക്കണം വേണമെന്നും ക്രൈം നന്ദകുമാർ കോൺഗ്രസിന്റെ ആരാധ്യനെന്നും അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ലീഗും യു.ഡി.എഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ല, കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോയ്ക്ക് പകരം സ്വപ്ന സുരേഷിന്റേതാണുള്ളത്. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സി.ബി.ഐയും എൻ.ഐ.എയും ഒഴിവാക്കിയ കേസാണിത്. കെ സുധാകരനെയും വി.ഡി സതീശനെയും ചോദ്യം ചെയ്യണം’- ഇ.പി ജയരാജൻ പറഞ്ഞു
കിഫ്ബിയുമായി മുന്നോട്ട് പോയതിനാൽ കേരളം വികസനക്കുതിപ്പിലാണെന്നും ഇ.പി പറഞ്ഞു. ലോക കേരള സഭ, ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്കരിച്ചു. എന്നാൽ, കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. പ്രവാസികളുടെ താത്പര്യങ്ങൾ ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments