സംസ്ഥാന കൃഷി വകുപ്പും വനം വകുപ്പും ചേർന്ന് നൽകുന്ന സഹായത്താൽ നിലനിൽക്കുന്ന ഏക മില്ലറ്റ് ഗ്രാമമാണ് മറയൂർ ഗ്രാമപഞ്ചായത്തിലെ തായണ്ണൻ കുടി. പട്ടികവർഗ്ഗ വിഭാഗത്തിലെ മുതുവാൻ വിഭാഗക്കാരുടെ ഊര് മൂപ്പനായിരുന്ന തായണ്ണന്റെ ദേശം എന്നറിയപ്പെടുന്ന ഇവിടം പ്രത്യേക ജൈവപാരിസ്ഥിതിക പ്രാധാന്യമുള്ള ഇടമാണ്. ഇടുക്കി ജില്ലയിലെ മറയൂർ അറിയപ്പെടുന്നത് ആദിവാസികളായ സംരംഭകരുടെ വിജയഗാഥകൾ കൊണ്ടായിരിക്കും.
സംസ്ഥാന കൃഷിവകുപ്പിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ ഇവിടെയുണ്ടായിരുന്ന പരമ്പരാഗതമായ പല ഭക്ഷ്യഉത്പന്നങ്ങളേയും സംരക്ഷിക്കുകയും അവയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വരുമാനവർദ്ധകവുമാക്കി മാറ്റുകയുമാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. 21ഇനം റാഗി വർഗങ്ങൾ ഇവർ ഇപ്പോൾ പരമ്പരാഗതമായി സൂക്ഷിച്ചുവരുന്നുണ്ട്. 400 വർഷംമുമ്പ് ജനവാസം ആരംഭിച്ച ഈ ഊരിൽ ചന്ദ്രനാണ് ഇപ്പോഴത്തെ കാണി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. അന്യംനിന്നുപോയ ധാരാളം ചെറുധാന്യങ്ങളും കിഴങ്ങുവർഗ്ഗങ്ങളും പയർവർഗ്ഗങ്ങളും ഇവർ ഇന്നും നിലനിർത്തിപ്പോരുന്നു. 34 കുടുംബങ്ങളിലായി 103 അംഗങ്ങളാണ് മറയൂർ ഗ്രാമത്തിലെ തായണ്ണൻകുടിയിലുള്ളത്. മുതുവാൻ വിഭാഗത്തിൽപ്പെട്ട ഇവരെല്ലാവരും ഇന്ന് കൃഷിയിൽ നിന്ന് ഒരു സ്ഥിരവരുമാനമുള്ളവരാണ്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ഇവരടക്കം 11 ആദിവാസി കുടികളുണ്ട്. ചിന്നാർ, ആലാൻപെട്ടി, കരിമുട്ടി എന്നിവിടങ്ങളിലായി ഇവർ നടത്തുന്ന ഇക്കോ ഷോപ്പുകളിലൂടെയാണ് ഉൽപ്പന്നങ്ങളുടെ വിപണനം.
Post Your Comments