തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി കടുത്ത പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരണവുമായി എം.എ ബേബി. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സൈന്യത്തിൽ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ലെന്നും സാധാരണ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുപകരം ഈ പദ്ധതി അത്തരം കരാർ സൈനികർക്ക് അവരുടെ നാല് വർഷത്തിന് ശേഷം മറ്റ് തൊഴിൽ സാധ്യതകളൊന്നും നൽകില്ലെന്നും എം.എ ബേബി ഫേസ്‌ബുക്കിലൂടെ വിമർശിച്ചു. അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം നമ്മുടെ ദേശീയ താല്പര്യങ്ങൾക്ക് തന്നെ എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ സൈന്യത്തിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം നമ്മുടെ ദേശീയ താല്പര്യങ്ങൾക്ക് തന്നെ എതിരാണ്. പക്ഷേ, സൈന്യത്തിനും തൊഴിലില്ലാത്ത യുവാക്കൾക്കും എന്തോ മെച്ചം കിട്ടുന്ന കാര്യം ചെയ്യുന്നു എന്ന മട്ടിൽ ആണ് പ്രധാനമന്ത്രി ഇത് അവതരിപ്പിക്കുന്നത്.
നാല് വർഷത്തേക്ക് ‘കരാർ സൈനികരെ’ റിക്രൂട്ട് ചെയ്തുകൊണ്ട് പ്രൊഫഷണൽ സായുധ സേനയെ ഉയർത്താൻ കഴിയില്ല. പെൻഷൻ പണം ലാഭിക്കുന്നതിനുള്ള ഈ പദ്ധതി, നമ്മുടെ പ്രൊഫഷണൽ സായുധ സേനയുടെ ഗുണനിലവാരത്തിലും കാര്യക്ഷമതയിലും ഗുരുതരമായ വിട്ടുവീഴ്ച ചെയ്യും.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സൈന്യത്തിൽ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. സാധാരണ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുപകരം ഈ പദ്ധതി അത്തരം കരാർ സൈനികർക്ക് അവരുടെ നാല് വർഷത്തിന് ശേഷം മറ്റ് തൊഴിൽ സാധ്യതകളൊന്നും നൽകില്ല. യുവ ആർഎസ്എസുകാരെ പിൻവാതിലിലുടെ ഒരു അർദ്ധ സൈനികദളമായി സംഘടിപ്പിക്കുവാനും അതിന് സർക്കാരിന്റെ ഖജനാവിലുള്ള ജനങ്ങളുടെ പണം കൌശലപൂർവ്വം ഉപയോഗിക്കാനുമുള്ള ഒരു കുറുക്കുവഴിയായി വേണം ഈ പദ്ധതിയെ കാണാൻ.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
യഥാർത്ഥ ഉദ്ദേശം ഇതായിരിക്കെത്തന്നെ വലിയൊരു നല്ലകാര്യം എന്നമട്ടിൽ ഇതവതരിപ്പിക്കുന്നവരുടെ അതിബുദ്ധി സമ്മതിക്കണം. തൊഴിൽ സുരക്ഷിതത്വം എന്ന പരിരക്ഷ പോലുമില്ലാതെ പരമമായ ത്യാഗത്തിന് തയ്യാറാവാൻ നമ്മുടെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണ്. സർക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വയമേവെ യുവാക്കളുടെ പ്രതിഷേധം ഉയർന്നു വന്നിരിക്കുകയാണ്. ഈ ‘അഗ്നിപഥ്’ പദ്ധതി ഉടൻ പിൻവലിക്കണം. സായുധ സേനയിലേക്കുള്ള പതിവ് റിക്രൂട്ട്‌മെന്റ് അടിയന്തരമായി നടത്തുകയും വേണം. എന്തെങ്കിലും അതീവ ജനവിരുദ്ധ പദ്ധതി നടപ്പാക്കുമ്പോഴൊക്കെയും അതിനെ മഹത്തായ എന്തോ ഒന്ന് എന്ന മട്ടിൽ പാക്കേജ് ചെയ്ത് അവതരിപ്പിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് രീതിയാണ്.
Post Your Comments