തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ എൽഡിഎഫ് സർക്കാർ പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ് ഹൈക്കോടതിയിൽ സ്വപ്ന സത്യവാങ്മൂലം നൽകിയത്. എന്നാൽ, സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ഗുരുതര ആരോപണമുണ്ട്.
സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന് അപ്പോഴത്തെ സ്പീക്കറായിരുന്ന
പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‍ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറൽ നൽകിയെന്നും സ്വപ്‍ന വ്യക്തമാക്കി.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. കെ.ടി. ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്.
പരാതിക്കാരനായ മുൻമന്ത്രി കെ.ടി. ജലീലിന്റെ ബിനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവൻ വാര്യരെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുർആൻ കൊണ്ടുവന്നുവെന്നും സ്വപ്‍ന ആരോപിക്കുന്നു. രഹസ്യമൊഴിക്ക് മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്‌ന ഇക്കാര്യങ്ങള്‍ പറയുന്നത്.
Post Your Comments