
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനെച്ചൊല്ലി രാത്രി മുഴുവൻ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഗാഡിക്കും ഹരിയാനയിൽ കോൺഗ്രസിനും കനത്ത തിരിച്ചടി. മഹാരാഷ്ട്രയിൽ ബിജെപിയുടെ മൂന്ന് സ്ഥാനാർത്ഥികളും വിജയിച്ചു. മഹാരാഷ്ട്രയിൽ ബിജെപി സ്ഥാനാർത്ഥികളായ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ, ധനഞ്ജയ് മഹാധിക് എന്നിവർ വിജയിച്ചു.
ശിവസേനയുടെ സഞ്ജയ് പവാർ പരാജയപ്പെട്ടു. ഹരിയാനയിൽ കോൺഗ്രസ് നേതാവ് അജയ് മാക്കനെ ബിജെപി പിന്തുണയോടെ മൽസരിച്ച സ്വതന്ത്രസ്ഥാനാർത്ഥി കാർത്തികേയ ശർമ പരാജയപ്പെടുത്തി. കർണാടകയിലെ ത്രികോണമൽസരത്തിലും ബിജെപി നേട്ടമുണ്ടാക്കി.
എന്നാൽ, സ്വതന്ത്രസ്ഥാനാർത്ഥി സുഭാഷ് ചന്ദ്രയെ നിർത്തി കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ രാജസ്ഥാനിൽ ബിജെപി നടത്തിയ നീക്കം പാളി. കൂറുമാറി കോൺഗ്രസിന് വോട്ടുചെയ്ത എം.എൽ.എ ശോഭ റാണി ഖുശ്‌വാഹയെ ബിജെപി പുറത്താക്കി. മഹാവികാസ് അഗാഡിയുടെ മൂന്ന് എംഎൽഎമാരുടെ വോട്ട് ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കി.
Post Your Comments