എറണാകുളം: പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമിച്ചയാൾക്ക് എല്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന് കണ്ടെത്തൽ. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെയാണ് കള്ളവോട്ടിന് ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്തത്. പ്രിസൈഡിംഗ് ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇയാള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ശക്തമായ സജ്ജീകരണമൊരുക്കിയെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയാണ് പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടന്നെന്ന റിപ്പോര്‍ട്ട് പുറത്തെത്തിയത്. പൊന്നുരുന്നി സി.കെ.സി എല്‍.പി സ്‌കൂളിലെ ബൂത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പൊന്നുരുന്നിയില്‍ ബൂത്ത് നമ്പര്‍ 66ല്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞത്.
ടി.എം സഞ്ജു എന്നയാളുടെ പേരിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഇയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുകയായിരുന്നു. സംശയം തോന്നിയ യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇയാൾ പിടിയിലായത്.
Post Your Comments