മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അസാധാരണ കാഴ്ചകൾക്കാണ് സീസണിലെ അവസാന മത്സരത്തിൽ ഇത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അവിശ്വസനീയ തിരിച്ചുവരവിലൂടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ വിജയാവേശത്തിൽ ആരാധകർ ഇത്തിഹാദ് സ്റ്റേഡിയം നീലക്കടലാക്കി. പ്രിയതാരങ്ങൾക്ക് അടുത്തേക്ക് ഇരച്ചെത്തിയ ആരാധകർ വിജയലഹരിയിൽ ഗോൾപോസ്റ്റ് പോലും തകർത്തു.
ആസ്റ്റൻ വില്ലയ്‌ക്കെതിരായ അവസാന മത്സരത്തിൽ രണ്ടു ഗോളിന് പിന്നിലായപ്പോൾ ഇത്തിഹാദ് നിശബ്ദമായി. ഇരുകൈകളും കെട്ടി പരസ്പരം നോക്കുന്ന ആരാധകർ. കണ്ണുകൾ നിറഞ്ഞ് പെപ്പിനെ നോക്കുന്നവർ. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ 90 മിനിറ്റ് പിന്നിടുമ്പോഴും രണ്ട് ഗോൾ ലീഡുണ്ടായിട്ടും തോൽവി നേരിട്ട ദുരന്തം ആവർത്തിക്കുമോയെന്ന് സംശയിച്ചു. എന്നാൽ, പെപ് ഗാർഡിയോളയുടെ കൈയിൽ ഇതിനെ അതിജീവിക്കാനുളള തന്ത്രങ്ങളുണ്ടായിരുന്നു. അഞ്ച് മിനിറ്റിനിടെ മൂന്ന് ഗോൾ തിരിച്ചടിച്ചാണ് സിറ്റി കിരീടം നിലനിർത്തിയത്.
സെർജിയോ അഗ്യൂറോ ടീം വിട്ടതിന് ശേഷം നല്ലൊരു സ്ട്രൈക്കറില്ലാതെയാണ് സിറ്റി ഈ സീസൺ മുഴുവൻ കളിച്ചത്. ടോട്ടനം സൂപ്പർ താരം ഹാരി കെയ്നെ ടീമിലെത്തിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. തുടർന്ന് ആസ്റ്റൻ വില്ലയുടെ സൂപ്പർ സ്‌ട്രൈക്കർ ജാക്ക് ഗ്രീലീഷിനെ ടീമിലെത്തിച്ചെങ്കിലും ഫോം കണ്ടെത്താൻ താരത്തിനായില്ല. എന്നിട്ടും സിറ്റി ഗോളടിച്ചുകൂട്ടി. എതിരാളികളുടെ വലയിൽ പന്തെത്തിച്ചത് 99 തവണ. വഴങ്ങിയത് 26 ഗോൾ മാത്രവും. സീസണിൽ തോൽവിയറിഞ്ഞത് മൂന്ന് കളിയിൽ മാത്രം. ആകെയുള്ള 38 കളിയിൽ 29-ലും ജയിച്ചു.
ഗാർഡിയോളയ്ക്ക് കീഴിൽ സിറ്റി ആകെ 228 മത്സരങ്ങളിലാണ് കളിച്ചത്. ഇതിൽ 169ലും ജയം. സമനില 29. തോൽവി 30. സിറ്റി 565 ഗോൾ എതിരാളികളുടെ പോസ്റ്റിൽ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് 182 ഗോൾ. ആകെ സ്വന്തമാക്കിയത് 536 പോയിന്റും. സാക്ഷാൽ സർ അലക്സ് ഫെർഗ്യൂസനെയും, ആർസൻ വെംഗറേയും, ഹൊസേ മോറീഞ്ഞോയെയും സമകാലികനായ യുർഗൻ ക്ലോപ്പിനെയുമെല്ലാം മറികടന്നാണ് പെപ്പിന്റെ ജൈത്രയാത്ര. പ്രീമിയർ ലീഗിന്റെ മുഖച്ഛായ മാറ്റിയാണ് പെപ്പും സിറ്റിയും കിരീടങ്ങൾ സ്വന്തമാക്കുന്നത്.
നിരന്തരം ആക്രമണം. വല നിറയെ ഗോളുകൾ. ഇതാണ് ഗാർഡിയോളയുടെ ശൈലി. ഈ ശൈലി ഇംഗ്ലീഷ് ഫുട്ബോളിൽ വിജയിക്കുമോയെന്ന് പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ, ഗാർഡിയോളയ്ക്ക് സംശയമൊന്നുമില്ലായിരുന്നു. എതിരാളികൾക്കുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്ന സിറ്റി 155,639 പാസുകളാണ് ആകെ കൈമാറിയത്. രണ്ടാം സ്ഥാനത്തുള്ള ടീമിനെക്കാൾ പതിനയ്യായിരം പാസുകൾ കൂടുതൽ.
Read Also:- കഴുത്ത് വേദന അകറ്റാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം!
അടുത്ത സീസണിൽ സിറ്റിയെ എതിരാളികൾ കൂടുതൽ ഭയപ്പെടണം. യൂറോപ്യൻ ഫുട്ബോളിലെ പുത്തൻ വിസ്മയമായ എർലിംഗ് ഹാലൻഡിനെയും അർജന്റീനിയൻ സെൻസേഷൻ ജൂലിയൻ അൽവാരസിനെയും ടീമിലെത്തിച്ചാണ് സിറ്റിയും ഗാർഡിയോളയും വരുന്നത്. സ്വപ്നമായി അവശേഷിക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീടം കൂടി ഇത്തിഹാദിൽ എത്തിക്കുകയാണ് ഗാർഡിയോളയുടെ ലക്ഷ്യം.
Post Your Comments