ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാനും സംസ്ഥാന സമിതിയംഗവുമായ യഹിയ തങ്ങളെ അറസ്റ്റ് ചെയ്തതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. കനത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാനായത്. 28ന് രാത്രി തൃശൂര്‍ പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വീട്ടില്‍ യഹിയ തങ്ങളെ തേടി പൊലീസ് എത്തിയെങ്കിലും പാതിരാത്രി അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് സ്ഥലത്തെത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.
ഇതോടെ, വാക്കു തര്‍ക്കമുണ്ടാവുകയും പൊലീസ് വാഹനം തടയുകയും ചെയ്തു. രാവിലെ കുന്നംകുളം സ്റ്റേഷനില്‍ ഹാജരാകാം എന്ന്, നേതാക്കള്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നു പൊലീസ് മടങ്ങി. പിന്നീട്, രാവിലെ സ്റ്റേഷനില്‍ എത്തിയ യഹിയയെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ, ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ യഹിയ തങ്ങളെ പൊലീസ് വാഹനം തടഞ്ഞു ബലമായി മോചിപ്പിക്കാന്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമം നടത്തി.
സംഘം മുദ്രാവാക്യം വിളിച്ചു വാഹനത്തിനു മുന്‍പില്‍ അണിനിരക്കുകയായിരുന്നു. വാഹനം തടഞ്ഞ സംഭവത്തില്‍ അന്‍പതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ, കുമ്പളം ടോള്‍ പ്ലാസയിലും പൊലീസ് വാഹനം തടയാൻ ശ്രമമുണ്ടായി. പൊലീസ് വാഹനം തടഞ്ഞതിന് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരും കുമ്പളം സ്വദേശികളുമായ 5 പേരുമുള്‍പ്പെടെ 15 പേര്‍ക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു.
Post Your Comments