ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനായ അസ്‌കര്‍ മുസാഫിർ മാധ്യമങ്ങളോട് സംസാരിക്കവെ തങ്ങൾ മറഞ്ഞിരുന്നതല്ലെന്നും, ടൂറിലായിരുന്നുവെന്നും വെളിപ്പെടുത്തി. താൻ വിളിച്ച മുദ്രാവാക്യത്തിന്റെ അർത്ഥം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് കുട്ടിയും വ്യക്തമാക്കി. ആസാദി എന്ന മുദ്രാവാക്യമാണ് ആദ്യം വിളിച്ചതെന്നും, പിന്നെ ഓര്‍മ്മ വന്നപ്പോഴാണ് പ്രസ്തുത മുദ്രാവാക്യം വിളിച്ചതെന്നും കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു.
ആറാം ക്ലാസുകാരന്റെ മറുപടി: ‘അപ്പോള്‍ കുറേ പേര് എന്നെ തോളിലിരുത്തി. ആരും വിളിക്കാന്‍ പറഞ്ഞതല്ല മുദ്രാവാക്യം. സ്വയം വിളിച്ചതാണ്. എന്‍.ആര്‍.സിയുടെ പരിപാടിക്ക് പോയപ്പോള്‍ അവിടെ കുറേ ഇക്കാക്കമാര്‍ ഉണ്ടായിരുന്നു. അവര്‍ വിളിക്കുന്നത് കേട്ടതാണ് മുദ്രാവാക്യം. അന്ന് ബൈഹാര്‍ട്ടാക്കി പഠിച്ചതാ. അര്‍ത്ഥമൊന്നും അറിയില്ല.’
കുട്ടിയുടെ പിതാവ് അസ്‌കർ പറയുന്നതിങ്ങനെ: ‘അവന്‍ കുഞ്ഞാണ്. തെറ്റായ കാര്യമൊന്നും ചെയ്തിട്ടില്ല. നേരത്തേയും സമാനമായ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അന്നൊന്നും അതില്‍ പ്രശ്‌നമുണ്ടായിട്ടില്ല. എന്‍.ആര്‍.സി സി.എ.എ പ്രതിഷേധത്തില്‍ വിളിച്ച മുദ്രാവാക്യമാണിത്. അവിടെ നിന്നാണ് കുട്ടിക്ക് ഇത് ലഭിച്ചത്. പല സ്ഥലത്തും പോയി വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്തുകൊണ്ട് ഇതും പൊക്കിപ്പിടിച്ചുവരുന്നുവെന്ന് അറിയില്ല. ഒരു കൊച്ചിനെ ഹരാസ് ചെയ്യാന്‍ മാത്രം എന്താണ് ഇതിലുള്ളത്. ഹിന്ദു മതത്തിനെയോ ക്രിസ്ത്യൻ മതത്തിനെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിച്ചത്. അതില്‍ എന്താണ് ഇത്ര തെറ്റ്. ഞാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനല്ല. വലിയ പരിപാടിയൊക്കെ നടക്കുമ്പോള്‍ പോകാറുണ്ട്. ഞായറാഴ്ച്ച പരിപാടി കഴിഞ്ഞ് രാവിലെ ടൂര്‍ പോയതാണ്. ശേഷമാണ് വിവാദങ്ങളെക്കുറിച്ചൊക്കെ അറിഞ്ഞത്. അരിഭക്ഷണം കഴിക്കുന്നവര്‍ക്ക് മനസിലാവും ആരാണ് ഭീഷണിയുണ്ടാക്കുന്നതെന്ന്. അതൊന്നും വിലപ്പോവില്ല’.
കേസില്‍ കുട്ടിയുടെ പിതാവിനെ പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പള്ളുരുത്തി പൊലീസ് അദ്ദേഹത്തെ ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറി. പിതാവിനെ കസ്റ്റഡിയില്‍ പ്രതിഷേധിച്ച് എറണാകുളത്ത് പ്രവർത്തകരുടെ പ്രതിഷേധം പുരോഗമിക്കുന്നുണ്ട്. കേസില്‍ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ പോപ്പുലർ ഫ്രണ്ടിന്റെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി, പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
Post Your Comments