KeralaLatest NewsNews

ഒരു രാഷ്ട്രത്തിന്റെ നിലനില്പിന്റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണ്: എം.എ ബേബി

കഴിഞ്ഞ ശനിയാഴ്ച അസമിലെ നൗഗാവ് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു കസ്റ്റഡി മരണം നടന്നതായി പരാതിയുണ്ടായി.

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി രംഗത്ത്. അസമിലെ നൗഗാവ് ജില്ലയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടാന്‍ നേതൃത്വം നല്‍കിയ അഞ്ച് പേരുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണെന്നും അഞ്ച് പേരുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തിയ ജില്ലാ ഭരണകൂടത്തിന്റെ നടപടി നിയമവാഴ്ചക്കെതിരാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒരു രാഷ്ട്രത്തിന്റെ നിലനില്പിന്റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണ്. പണ്ടുകാലത്ത് മനുഷ്യർ തമ്മിൽ ഉണ്ടാവുന്ന തർക്കങ്ങൾക്കും മത്സരങ്ങൾക്കും നേരിട്ട് അല്ലെങ്കിൽ ആളെ വച്ച് വെട്ടിയും കുത്തിയും ജയിക്കുന്നവനു വിജയം എന്ന നീതി ആയിരുന്നു. അതിൽ നിന്ന് പുരോഗമിച്ചതാണ് രാഷ്ട്രവ്യവസ്ഥ. അവിടെ നിയമങ്ങൾ ഉണ്ടാക്കുകയും എല്ലാ പൗരരും നിയമത്തിനു കീഴിൽ സമരാണ് എന്ന് നിശ്ചയിക്കുകയും ചെയ്തു. നിയമം നടപ്പാക്കാൻ പോലീസ്, കോടതി, ജയിൽ തുടങ്ങി പല സംവിധാനങ്ങളും ഉണ്ടാക്കി.
ഇന്ത്യയിൽ ഇന്നു നടക്കുന്ന ചില സംഭവവികാസങ്ങൾ നമ്മുടെ നാട്ടിൽ ഈ നിയമവാഴ്ച നിലനിൽക്കുന്നുണ്ടോ എന്നത് സംശയത്തിലാക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച അസമിലെ നൗഗാവ് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു കസ്റ്റഡി മരണം നടന്നതായി പരാതിയുണ്ടായി. ഒരു ആൾക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ചു തീയിട്ടു. പൊലീസ് സ്റ്റേഷൻ ആക്രമിച്ചു തീയിടുക ചെറിയ കുറ്റമല്ല. ഇത് നിയമം കയ്യിലെടുക്കലാണ്. അത് ചെയ്ത എല്ലാവരെയും അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. പക്ഷേ ജില്ലാ ഭരണകൂടം ചെയ്തതെന്താണ്? കുറ്റവാളികൾ എന്നു കരുതിയവരുടെയല്ലാം വീടുകൾ ബുൾഡോസർ ഇറക്കി ഇടിച്ചു നിരത്തി! കേസില്ല, അറസ്റ്റില്ല, കോടതിയില്ല, ജയിലില്ല. നേരിട്ടുള്ള നീതി നടപ്പാക്കൽ. അക്രമികളെല്ലാം ജിഹാദികളാണെന്നാണ് പൊലീസ് പറയുന്നത്! അങ്ങനെ ആണെങ്കിൽ തന്നെ അസമിലെ ബിജെപി സർക്കാരിന് അവരുടെ വീടുകൾ ബുൾഡോസർ ഇറക്കി ഇടിച്ചു നിരത്താൻ ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഏത് ചട്ടപ്രകാരമാണ് അധികാരമുള്ളത്?

Read Also: ഇന്ത്യാ വുഡ്: എക്സിബിഷൻ ജൂൺ രണ്ട് മുതൽ ആരംഭിക്കും

ഇത് ആദ്യസംഭവമല്ല. ദില്ലിയിലെ ജഹാംഗീർ പുരിയിലും ഇത് തന്നെയാണ് നടന്നത്. അവിടെ രാമനവമിയുടെ അന്ന് മുസ്ലിം പള്ളിക്കു മുന്നിൽ വാളും മറ്റുമായി തെറിപ്പേക്കൂത്ത് നടത്തിയ ആർഎസ്എസുകാരും അവിടത്തെ മുസ്ലിങ്ങളുമായി ഉണ്ടായ സംഘർഷത്തിൻറെയും പൊലീസിന് നേരെയുള്ള വെടിവെപ്പിൻറെയും പിറ്റേന്നും ദില്ലി മുനിസിപ്പൽ കോർപ്പറേഷനും ദില്ലി പോലീസും ചേർന്ന് അവിടെയുള്ള വീടുകൾ ഇടിച്ചു നിരത്തിയാണ് നിയമം നടപ്പാക്കിയത്! കേസ്, വിചാരണ, ശിക്ഷ ഒന്നും ഇല്ല!

ഇക്കൊല്ലം ആദ്യം, ജനുവരിയിൽ, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് യോഗി ആദിത്യ നാഥ് ആണ് കുറ്റവാളികളുടെ വീടുകൾ പൊളിക്കാൻ ബുൾഡോസറുകൾ ഇറക്കിയത്. ക്രിമിനലുകളുടെ വീടുകൾ ബുൾഡോസർ ഇറക്കി പൊളിക്കും എന്നാണ് യോഗി പറഞ്ഞത്. വിചാരണ, കോടതി തുടങ്ങി ഒന്നും വേണ്ട. ആർഎസ്എസ് പോലുള്ള ഫാസിസ്റ്റ് സംഘടന ചെയ്യുന്ന അക്രമങ്ങളും ലഹളകളും പൊലീസ് നേരിട്ട് ഏറ്റെടുത്താൽ പിന്നെ ഈ നാട്ടിൽ നിയമവാഴ്ച ഉണ്ടാവില്ല.

ഈ പൊളിക്കുന്ന കെട്ടിടങ്ങൾ ഒക്കെ നിയമവിരുദ്ധമായി കെട്ടിയവയാണെന്നാണ് ന്യായീകരണം. അങ്ങനെ എങ്കിൽ ഡെൽഹിയിലെ അറുപത് ശതമാനം കെട്ടിടവും നിയമവിരുദ്ധമാണെന്ന് അവിടത്തെ മുഖ്യമന്ത്രി. പാവപ്പെട്ടവരുടെയും ന്യൂനപക്ഷത്തിൽ പെട്ടവരുടെയും ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വീടുകൾക്ക് നേരെ മാത്രമേ ബിജെപി സർക്കാരുകളുടെ ബുൾഡോസർ വരൂ എന്നു മാത്രം. നരേന്ദ്ര മോഡി സർക്കാർ ഇന്ത്യക്ക് ചെയ്ത ഏറ്റവും വലിയ ദ്രോഹം രാജ്യത്തെ നിയമവാഴ്ച ബുൾഡോസ് ചെയ്തു എന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button