ThiruvananthapuramKeralaNattuvarthaLatest NewsNews

‘മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിൽ എത്തി’: വിഷയത്തിൽ പ്രതികരിച്ച് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്ന് ഗതാഗഗത വകുപ്പ് മന്ത്രി ആന്റണി രാജു. മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴി തെറ്റി യാത്രക്കാരെ ഗോവയിലെത്തിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നേടിയ ജനപ്രീതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്, ചില തല്‍പരകക്ഷികള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് ആന്റണി രാജു പറഞ്ഞു.

കുറഞ്ഞ നിരക്കും, യാത്രാ സൗകര്യവും മാന്യമായ പെരുമാറ്റവും കൊണ്ട്, ചുരുങ്ങിയ കാലം കൊണ്ടു തന്നെ സ്വിഫ്റ്റ് യാത്രക്കാരുടെ ഇടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നുവെന്നും ഇതു മൂലം ബുദ്ധിമുട്ടിലായ ചില തല്‍പരകക്ഷികളാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന് സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആന്റണി രാജുവിന്റ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കെഎസ്ആർടിസി സ്വിഫ്റ്റ് -ന് എതിരെ പ്രചരിക്കുന്ന വാർത്തകൾ ദുരുദ്ദേശപരമാണ്. നേരത്തെ സ്വിഫ്റ്റിനുണ്ടായ ചെറിയ അപകടങ്ങൾ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന രീതി ചില കേന്ദ്രങ്ങൾ പിന്തുടർന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കെഎസ്ആർടിസി സ്വിഫ്റ്റ് നേടിയ ജനപ്രീതിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില തൽപര കക്ഷികൾ ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. കുറഞ്ഞ നിരക്കും യാത്രാ സൗകര്യവും മാന്യമായ പെരുമാറ്റവും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടു തന്നെ സ്വിഫ്റ്റ് യാത്രക്കാരുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

. ഇതു മൂലം ബുദ്ധിമുട്ടിലായ ചില തൽപരകക്ഷികളാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ അവസാനം വന്ന വാർത്തയാണ് മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിൽ എത്തി എന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ബസ്സിന് ദിശമാറിയിട്ടില്ലെന്ന് അധികൃതർ കണ്ടെത്തി. മേയ് മാസം 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്ന തരത്തിലായിരുന്നു മാധ്യമ വാർത്തകൾ.

വിജിലൻസ് അന്വേഷണത്തിൽ ഇത് തികച്ചും തെറ്റാണെന്ന് കണ്ടെത്തി.
വാർത്തയിൽ വന്നത് പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല. കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ നിർദേശിച്ചിരുന്നു. കെഎസ്ആർടിസി സിഎംഡി യുടെ നിർദ്ദേശപ്രകാരം വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മേയ് 8 ന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്.

കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിം​ഗ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നാണ്. കൂടാതെ ബസുകളുടെ 7,8,9,10 തീയതികളിലെ ലോ​ഗ് ഷീറ്റ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. കൂടാതെ ബസ് ​ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലൻസ് വിഭാഗത്തിന് ലഭിച്ചതുമില്ല. തുടർന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പത്ര നവമാധ്യമങ്ങളിൽ വന്നത് പോലെ കെഎസ്ആർടിസി – സ്വിഫ്റ്റ് ബസ് ദിശമാറി ​ഗോവയിലേക്ക് സർവ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്.

കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിലാണ് കർണ്ണാടകത്തിലേക്ക് സർവ്വീസ് നടത്തുന്നത്. അത്തരം ഒരു കരാർ ​ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല. ​ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ​ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ​ഗോവയിലേക്ക് കടത്തി വിടില്ല. ഇത്തരം അടിസ്ഥാന വിവരങ്ങൾ പോലും ഇല്ലാത്തവരാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഏതായാലും കെഎസ്ആർടിസി സിഫ്റ്റ് കൂടുതൽ ജനപ്രീതിയോടെ കൂടുതൽ വരുമാനംനേടി മുന്നേറുകയാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button