കോന്നി: തട്ടിപ്പ് കേസിൽ അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ 1000 കോടി പല ഇടപാടുകളിലൂടെ ദുബായ് വഴി ആസ്ട്രേലിയയിലേക്ക് കടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. മൂവായിരത്തോളം നിക്ഷേപകരുടെ പണമാണ് ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഉടമ തോമസ് ദാനിയലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലായി വിറ്റ കെട്ടിടം, ഭൂമി എന്നിവയില്‍നിന്ന് പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ കോടികള്‍ ലാഭം ഉണ്ടാക്കിയതായും ഇഡി റിപ്പോർട്ടിൽ പറയുന്നു. കോന്നിയിലെ 15 സെന്റ് സ്ഥലം ഒരു കോടി 90 ലക്ഷത്തിനാണ് വിറ്റതെന്നും ദുബായിലുള്ള കമ്പനിയിൽ പോപ്പുലര്‍ ഉടമകള്‍ക്ക് വണ്‍ മില്യന്‍ ദിര്‍ഹത്തിന്റെ ഓഹരിയുണ്ടെന്നും ഇഡി കണ്ടെത്തി. ബംഗളൂരു, തഞ്ചാവൂര്‍, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ ബഹുനില കെട്ടിടങ്ങളും പത്തനംതിട്ടയില്‍ വയലും ഉണ്ടായിരുന്നു.
ദുബായ് വഴി ആസ്ട്രേലിയയിലേക്കുള്ള ഇടപാടുവഴി കടത്തിയ 1000 കോടി, ഹവാല ഇടപാട് ആണെന്നും ഇഡിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫിനാസിന്, കോന്നി വകയാറിലെ ആസ്ഥാന ഓഫിസ് കൂടാതെ ഇന്ത്യയില്‍ എമ്പാടും 270 ബ്രാഞ്ച് പ്രവര്‍ത്തിച്ചിരുന്നു. സ്വര്‍ണപ്പണയ ഇടപാടുമുണ്ടായിരുന്നു. വിവിധങ്ങളായ വ്യാജ ഷെയര്‍ കമ്പനികളുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. ഹവാല ഇടപാടുകൾ അടക്കമുള്ള കേസ് ഇപ്പോള്‍ സിബിഐയുടെ അന്വേഷണ പരിധിലാണ്.
Post Your Comments