തൊടുപുഴ: നഗരത്തിലെ വെയിറ്റിംഗ് ഷെഡിൽ കാലിന് പരിക്കേറ്റ് രക്തം വാർന്നനിലയിൽ കണ്ടെത്തിയയാൾ മരിച്ചു. ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൾ സലാം (അമ്പി-52) ആണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. കൊലപാതകമെന്ന സംശയത്തെത്തുടർന്ന്, ടൗണിൽ അലഞ്ഞുനടക്കുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടതായി നാട്ടുകാർ പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ചറിയിച്ചത്. പതിവായി തൊടുപുഴ ടൗണ്‍ഹാളിനു സമീപത്തെ വെയിറ്റിംഗ് ഷെഡിൽ കിടന്നുറങ്ങിയിരുന്ന ആളാണ് അബ്ദുൾ സലാം. പിടിച്ചുപറിക്കേസുകളിൽ ഉൾപ്പെട്ടയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
Read Also : മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികൾ ഇതാ..
കാലിനു മാരകമായി മുറിവേറ്റ അബ്ദുൾ സലാമിനെ പൊലീസാണ് ഓട്ടോയിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, നില ഗുരുതരമായതിനെത്തുടർന്ന്, മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.
അതേസമയം, ഇയാൾക്ക് പരിക്കേറ്റത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കൂടുതൽ തെളിവു ലഭിക്കുമെന്നും മുറിവിന്റെ രീതി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു.
ഇടുക്കിയിൽ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശരീഫയാണ് അബ്ദുൾ സലാമിന്റെ ഭാര്യ. മക്കൾ: മുബീന, മിഥിലാജ്.
Post Your Comments