
ലഖ്‌നൗ: വീടിന്റെ ഗേറ്റ് അടയ്ക്കാൻ മറന്നതിനെ തുടർന്നുള്ള തർക്കത്തിനിടെ അയൽവാസിയുടെ ചെവി കടിച്ചുമുറിച്ച് യുവതി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കടിച്ചെടുത്ത ചെവിയുടെ കഷ്ണം യുവതി വിഴുങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ന്യൂ ആഗ്ര പ്രദേശത്ത് താമസിക്കുന്ന റിക്ഷയോടിക്കുന്ന രാംവീർ ബാഗേൽ എന്ന വ്യക്തിയുടെ ചെവിയാണ് രാഖി എന്ന യുവതി കടിച്ചു മുറിച്ചത്. രാഖിക്കെതിരെ രാംവീർ പരാതി നൽകിയിട്ടുണ്ട്.
താനും രാഖിയുടെ കുടുംബവും ഒരേ സ്ഥലത്താണ് വാടകയ്ക്ക് താമസിക്കുന്നതെന്ന് രാംവീർ പറഞ്ഞു. മാർച്ച് 4 ന് മറ്റൊരു വാടകക്കാരന്റെ മകന് പരീക്ഷയായിരുന്നു. കുട്ടിയ കൊണ്ടുവിടാൻ രാവിലെ ആറ് മണിക്ക് ഇറങ്ങിയതാണ് താൻ. പോകുന്ന തിരക്കിൽ ഗേറ്റ് അടയ്ക്കാൻ വിട്ടുപോയി. ഇതോടെ രാഖി അസഭ്യം പറയാൻ തുടങ്ങിയെന്ന് രാംവീർ പറയുന്നു. തടയാൻ ശ്രമിച്ചപ്പോൾ രാഖി കൂടുതൽ പ്രകോപിതയായി. തുടർന്ന് രാഖിയുടെ ഭർത്താവ് സഞ്ജീവ് എത്തി തന്നെ പിടിച്ചുവച്ചു. ഇതിതിനിടെ രോഷാകുലയായ രാഖി തന്റെ ചെവി കടിച്ചുമുറിക്കുകയായിരുന്നുവെന്ന് രാംവീർ പരാതിയിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 325, 506 വകുപ്പുകൾ പ്രകാരം രാഖിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments