ന്യൂഡൽഹി: പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ധരിച്ച് ക്ലാസിലെത്തിയ യുവാവിനെ അധിക്ഷേപിച്ച് കോളജ് അധികൃതർ. യുവാവിനോട് വസ്ത്രം മാറ്റാതെ ക്ളാസിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ ഭീഷണിപ്പെടുത്തി. പുൾകിത് മിശ്രയെന്ന വിദ്യാർത്ഥിയെ ആണ് പെൺകുട്ടികളെ പോലെ വസ്ത്രം ധരിച്ചുവെന്നാരോപിച്ച് കോളജ് അധികൃതർ പ്രവേശനം തടഞ്ഞത്. പുൾകിത് തന്നെയാണ് കോളജിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
പുൾകിത് ക്യാമ്പസിലേക്ക് കയറി ചെന്നപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടഞ്ഞു. പെൺകുട്ടികൾ ധരിക്കുന്ന തരത്തിലുള്ള കയ്യില്ലാത്ത ടോപ്പാണ് പുൾകിത് ധരിച്ചിരുന്നത്. ഈ വസ്ത്രം ധരിച്ച് കൊണ്ട് അകത്തേക്ക് പോവാൻ പാടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ആൺകുട്ടികൾ അവർക്കിണങ്ങിയ, അവരുടേതായ രീതിയിലുള്ള വസ്ത്രം ധരിച്ച് വേണം കോളജിലേക്ക് വരാൻ എന്ന് പറഞ്ഞായിരുന്നു ഇവർ പുൾകിതിനെ തടഞ്ഞത്. വസ്ത്രം മാറ്റിയാൽ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ എന്ന് മനസിലാക്കിയ പുൾകിത്, ഒരു സുഹൃത്തിനെ വിളിച്ച് ഷർട്ട് കൊണ്ടുവരാൻ പറയുകയായിരുന്നു. നേരത്തെ ധരിച്ച വസ്ത്രത്തിന് മുകളിൽ ഷർട്ട് ഇട്ടതോടെ പുൾകിതിനെ കോളേജിൽ കയറ്റാൻ അധികാരികൾ തയ്യാറായി.
വിലക്ക് ഉണ്ടായ വസ്ത്രം ധരിച്ചുകൊണ്ടുള്ള തന്റെ ഫോട്ടോ പുൾകിത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ‘ഞാൻ എന്തിനാണ് സ്ത്രീകളുടെ വസ്ത്രം ധരിക്കുന്നതെന്ന് അവർ എന്നോട് ചോദിച്ചു. എന്റെ മാതാപിതാക്കൾക്ക് ഒരു പ്രശ്നവുമില്ലെന്ന് ഞാൻ പറഞ്ഞു. അവർക്കില്ലാത്ത പ്രശ്നം എന്തിനാണ് ഇവർക്ക്? അവിടെയുണ്ടായിരുന്ന ഒരു അധികൃതർ പോലും എന്നെ പിന്തുണച്ചില്ല. എന്റെ വസ്ത്രധാരണത്തെ ചൂണ്ടി അവർ എന്തൊക്കെയോ പറഞ്ഞു. എന്നെ വിധിക്കാൻ അവർ ആരാണ്?’, യുവാവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതേസമയം, യുവാവിന്റെ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. വിദ്യാർത്ഥിയോട് വസ്ത്രധാരണത്തിന്റെ പേരും പറഞ്ഞ്, വിവേചനപരമായ രീതിയിൽ പെരുമാറിയ കോളേജ് അധികാരികൾക്കെതിരെ കനത്ത രൂക്ഷമാണ് ഉയരുന്നത്. ഒരാളുടെ വ്യക്തിത്വത്തിന്റെ ആവിഷ്കാരം വികസിച്ച ഈ കാലഘട്ടത്തിലും എന്ത് ധരിക്കണം എന്നതൊക്കെ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാകുന്നിടത്താണ് ഇതുപോലെയുള്ള വിവേചന സംഭവങ്ങളെന്നതും ശ്രദ്ധേയമാണ്. ‘ഇത് കേൾക്കേണ്ടി വന്നതിൽ എനിക്ക് വളരെ ഖേദമുണ്ട്. നിങ്ങൾക്ക് കൂടുതൽ ശക്തിയും സ്നേഹവും കിട്ടട്ടെ. ആളുകൾ വിവേചനം കാണിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, ഒരാൾ കമന്റ് ചെയ്തു. ‘നിങ്ങൾ വളരെ ധീരനാണ്, വളരെ ശക്തനാണ്, നിങ്ങൾ ആരാണെന്ന് നിങ്ങൾ തിരിച്ചറിയണം. നിനക്ക് ശേഷം വരുന്ന പലരുടെയും ജീവിതം നീ തന്നെ മാറ്റും’, എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. വിഷയത്തിൽ കോളജ് അധികാരികളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
Post Your Comments