![](/wp-content/uploads/2022/04/muralidharan.gif)
തലശേരി: ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും സഭയുടെ ആശങ്കകള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആഗോളതലത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കുമേല്‍ നടത്തുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശേരി അതിരൂപതയുടെ പുതിയ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
‘സിറിയയിലും ഇറാഖിലും ശ്രീലങ്കയിലുമെല്ലാം ഇസ്ലാമിക മതമൗലികവാദികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കുരുതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ക്രൈസ്തവ സമുദായത്തിലെ പെണ്‍കുട്ടികളെ മതംമാറ്റാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സഭാ നേതൃത്വമല്ലാതെ മറ്റാരാണ് പറയുക? ‘, അദ്ദേഹം ചോദിച്ചു.
‘മുന്‍ മുഖ്യമന്ത്രി വി.എസ് അച്യതാനന്ദനും രണ്ട് മുന്‍ ഡിജിപിമാരും കേരളത്തില്‍ ഇത്തരം നീക്കം നടക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് പറയുന്നതിന്റെ പേരില്‍ കത്തോലിക്ക സഭയെ വിമര്‍ശിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സിപിഎമ്മിന്റെ നിലപാട്. ലവ് ജിഹാദെന്ന വാക്ക് ഉച്ചരിച്ചാല്‍ സഭാ പിതാക്കന്‍മാര്‍ക്കെതിരെ കേരളത്തില്‍ കേസെടുക്കും. ലവ് ജിഹാദ്- നര്‍കോട്ടിക് ജിഹാദ് പരാമര്‍ശങ്ങളുടെ പേരില്‍ പാലാ ബിഷപ്പിനെതിരെ പോലീസ് കേസെടുത്തിരുന്നു’ , കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി . വേദിയിലിരുന്ന മന്ത്രി റോഷി അഗസ്റ്റിനെ, നാക്കു പിഴ പറ്റാതെ നോക്കണമെന്ന് മുരളീധരന്‍ പരിഹസിച്ചു.
എന്നാല്‍, കേന്ദ്രമന്ത്രിയുടെ പ്രസംഗത്തെ പരോക്ഷമായി പരാമര്‍ശിച്ച ജോണ്‍ ബ്രിട്ടാസ് എം.പി ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണമെന്ന് പറഞ്ഞു. കോടഞ്ചേരിയില്‍ കത്തോലിക്ക സമുദായത്തിലെ യുവതിയുമായി സിപിഎം നേതാവായ മുസ്ലീം യുവാവ് നാടുവിട്ടത് വിവാദമായിരിക്കെയാണ് ബ്രിട്ടാസിന്റെ പരാമര്‍ശങ്ങള്‍.
സഭയിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി സഭയ്ക്ക് പിന്തുണയുമായെത്തിയത്. ഇസ്ലാമിക തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നത് നരേന്ദ്രമോദിയാണെന്നും കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു. ക്രിസ്ത്യന്‍ ഭൂരിപക്ഷമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഗോവയ്ക്കും ശേഷം കേരളത്തിലും ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
Post Your Comments