തിരുവനന്തപുരം: ജെസ്‌ന ജെയിംസ് ഇന്ത്യയിലില്ലെന്ന ചില സൂചനകള്‍ സിബിഐ പുറത്തുവിട്ടതോടെ ജെസ്‌നയുടെ തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നു. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് ജെസ്‌ന കാണാമറയത്തേയ്ക്ക് മറഞ്ഞത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ഇപ്പോള്‍ സിബിഐയും അന്വേഷിക്കുന്ന ജെസ്‌ന തിരോധാന കേസില്‍ പെണ്‍കുട്ടി എവിടേയ്ക്ക് പോയി എന്നതിനെ കുറിച്ച് കൃത്യമായി ഉത്തരം നല്‍കാനാകുന്നില്ല.
Read Also : ജസ്‌ന സിറിയയിലാണെന്ന വാര്‍ത്ത വ്യാജം, ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടത്തിയിട്ടില്ല : പ്രതികരിച്ച് സി.ബി.ഐ
ജെസ്‌ന പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് പോയത്, മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരിചയക്കാരെ കണ്ടപ്പോള്‍, ഒളിച്ചുമാറി നിന്നതിനു ശേഷമായിരുന്നു ജെസ്‌നയുടെ യാത്ര. ജെസ്‌നയുടെ ആണ്‍സുഹൃത്തിനു തിരോധാനവുമായി ബന്ധമില്ലെന്നും അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ജെസ്‌ന സിറിയയിലുണ്ടെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ്, ഇതു സംബന്ധിച്ച പൊലീസിന്റെ വെളിപ്പെടുത്തല്‍.
പത്തനംതിട്ട കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടില്‍ ജയിംസ് ജോസഫ്-ഫാന്‍സി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്‌ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌നയ്ക്ക്, കാണാതാകുമ്പോള്‍ 21 വയസ്സായിരുന്നു.
ജെസ്‌നയുടെ സ്വാഭാവ രീതികളെക്കുറിച്ചാണ് പൊലീസ് ആദ്യം വിശകലനം ചെയ്തത്. ഇതിനായി ബന്ധുക്കളോടും സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചു. സ്വന്തം നിലയ്ക്കാണോ ആരുടെയെങ്കിലും സഹായത്തോടെയാണോ പോയതെന്നാണ് പിന്നീട് പരിശോധിച്ചത്. വീട്ടില്‍നിന്ന് മുണ്ടക്കയം വരെയുള്ള ജെസ്‌നയുടെ യാത്രയും പുനഃസൃഷ്ടിച്ചു. ജെസ്‌ന സഞ്ചരിച്ച ബസിലുണ്ടായിരുന്നവരുമായി സംസാരിച്ചു. മുണ്ടക്കയത്തുനിന്ന് ചെന്നൈയിലേക്കു പോയതായുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ അവിടെ അന്വേഷണം നടത്തി. എന്നാല്‍, കോവിഡ് വന്നതോടെ അന്വേഷണം നിലച്ചു. അവിടെയുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയാതെയായി. അതോടെ ജെസ്നയെ ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിനും ഉത്തരമില്ലാതായി.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങുന്നത്. കൊല്ലമുളയില്‍നിന്ന് രാവിലെ 9ന് ഓട്ടോയില്‍ കയറി. പിന്നെ എരുമേലി ബസില്‍ കയറി. എരുമേലി ബസ് സ്റ്റാന്‍ഡില്‍നിന്നു മുണ്ടക്കയത്തേക്കുളള്ള ബസില്‍ കയറിയതായാണു വിവരം. പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല.
മുണ്ടക്കയം പാതയിലെ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യം ജെസ്‌നയുടെ ബന്ധുക്കള്‍ക്ക് കിട്ടിയിരുന്നു. ജെസ്‌നയെ കാണാതായി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത്. ‘ശിവഗംഗ’ എന്ന സ്വകാര്യ ബസില്‍ ജെസ്‌ന ഇരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. ഇതേ സ്ഥലത്തുള്ള ഒരു വീട്ടിലെ സിസിടിവിയില്‍നിന്നും സമാന ദൃശ്യവും ലഭിച്ചു. ദൃശ്യങ്ങളിലുള്ളത് ജെസ്‌നയാണോയെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ജെസ്‌ന മുണ്ടക്കയത്ത് എത്തിയോ എന്നതു സംബന്ധിച്ചും പൊലീസിന് ഒരു തെളിവും ലഭിച്ചിട്ടില്ല.
മുണ്ടക്കയം സ്റ്റാന്‍ഡില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ജെസ്‌നയോടു സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടതായും പ്രചാരണമുണ്ടായി. ഇതേക്കുറിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല. ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടു പേര്‍ കൂടി ഉണ്ടെന്നതു വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ആരുടേതെന്ന് ഇപ്പോഴും വ്യക്തമല്ല. ആ പെണ്‍കുട്ടി ആരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.
Post Your Comments