ലഖ്‌നൗ: കർണാടകയിലും മഹാരാഷ്ട്രയിലും മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന മുറവിളി ശക്‌തമായിക്കൊണ്ടിരിക്കെ, നിസ്‌കാര സമയത്ത് വരാണസിയില്‍ വീടിന്റെ ടെറസില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലി ഒരു കൂട്ടം ആളുകൾ. വാരണാസി മണ്ഡലത്തിലെ സങ്കട് മോചന്‍ ക്ഷേത്രത്തിന് സമീപമുള്ള സാകേത് നഗര്‍ കോളനിയിലെ താമസക്കാരനായ സുധീര്‍ സിംഗാണ് ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ ചൊല്ലിയത്.
ചൊവ്വാഴ്ചയാണ് സംഭവം. നാട്ടുകാരായ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു സുധീർ ഹനുമാൻ ചാലിസ ചൊല്ലിയത്. ഇതിന്റെ വീഡിയോ സുധീർ തന്നെ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിൽ അഞ്ച് തവണ വായിക്കാനുള്ള തീരുമാനം തന്റെ സംഘടനയുടെ (മുക്തി ആന്ദോളൻ) യോഗത്തിൽ തീരുമാനമായെന്നും സുധീർ ഫേസ്ബുക്കിലെഴുതി.
‘നേരത്തെ, ഞങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് സംസ്‌കൃത ശ്ലോകങ്ങള്‍ കേട്ടാണ്, ഇപ്പോള്‍ ഞങ്ങള്‍ ഉണരുമ്പോള്‍ ബാങ്ക് കേള്‍ക്കുന്നു. ഇത് കാശിയാണോ കഅബയാണോ, ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ക്ഷേത്രങ്ങളുള്ളിടത്തെല്ലാം ഉച്ചഭാഷിണിയിലൂടെ അഞ്ച് പ്രാവിശം സംസ്‌കൃത ശ്ലോകങ്ങളോ ഹനുമാന്‍ ചാലിസയോ കേൾപ്പിക്കണം. കാശിയുടെ മഹത്വം നിലനിൽക്കണം. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിച്ച് അവയുടെ ഉപയോഗം നിർത്തിയത് ക്ഷേത്രങ്ങളിൽ മാത്രമാണ്. പക്ഷേ, പള്ളികളിൽ ഉച്ചഭാഷിണി ഇപ്പോഴും തുടരുന്നു’, സുധീർ പറയുന്നു.
‘ഞങ്ങൾക്ക് മനസിലാകാത്ത ഒരു കാര്യം ഉച്ചഭാഷിണിയിലൂടെ ദിവസവും കേൾക്കുമ്പോൾ, അത് എങ്ങനെയാണ് ഫീൽ ആവുക എന്ന് ഇപ്പോൾ അവർക്ക് മനസിലാകുന്നുണ്ടാകും’, ബി.ജെ.പി പ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന സുധീർ പറഞ്ഞു.
അതേസമയം, സുധീര്‍ സിംഗ് പാര്‍ട്ടി പ്രവര്‍ത്തകനാണോയെന്ന് അറിയില്ലെന്ന് ബി.ജെ.പി വക്താവ് രാകേഷ് ത്രിപഠി പറഞ്ഞു. ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിൽ വായിക്കാനുള്ള സിംഗിന്റെ തീരുമാനത്തെക്കുറിച്ചും ത്രിപാഠി തന്റെ അഭിപ്രായം പ്രകടമാക്കി. രാജ്യത്തെ നിയമം എല്ലാവരും പാലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments