ലക്‌നൗ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതോടെ വാരാണസിയില്‍ 25 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. മറ്റന്നാള്‍ യാത്ര ഏര്‍പ്പാടാക്കാമെന്നാണ് കമ്പനി അറിയിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു.
Read Also: കേരള തീരത്ത് അതീവ ജാഗ്രത: കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത
രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഫ്‌ളൈറ്റ് റദ്ദാക്കിയ കാര്യം അറിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. പ്രായമായവര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് ഒരു വിശ്രമ മുറി പോലും നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.
മറ്റൊരു വിമാനത്തില്‍ കയറി വരിക എന്നതാണ് മറ്റൊരു വഴി. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ് ടിക്കറ്റ് നിരക്കെന്ന് യാത്രക്കാര്‍ പറഞ്ഞു. ഒരു നിവൃത്തിയുമില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വാരാണസിയില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയ സംഘമാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിക്കുന്നത്. ഡല്‍ഹിയിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതുവരെ എയര്‍ ഇന്ത്യയുടെ 80 സര്‍വീസുകളാണ് റദ്ദാക്കിയത്.
എയര്‍ ഇന്ത്യ ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവ് എടുക്കുകയായിരുന്നു. മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണം എന്നാണ് അനൗദ്യോഗിക വിവരം. അലവന്‍സ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments