പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍ കാന്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അക്രമ സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.
അതേസമയം, സുബൈറിന്റെ കൊലപാതകത്തിലെ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്. ഇതില്‍ നാല് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകം നടത്തിയവര്‍ മുഖം മൂടി ധരിച്ചിരുന്നതായി സാക്ഷി മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതക ശേഷം പാലക്കാട് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ്, പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈര്‍ പാറ (47)ആണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങും വഴി രണ്ടു കാറുകളില്‍ എത്തിയ സംഘം, ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിനെ അതിക്രൂരമായാണ് അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments