പാലക്കാട്: എസ്.ഡി.പി.ഐ/ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ രണ്ടുപേർ വെട്ടുന്നത് കണ്ടുവെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് അബൂബക്കർ. അക്രമിസംഘം ബൈക്കിനെ ഇടിച്ചിട്ടശേഷം സുബൈറിനെ വെട്ടുകയായിരുന്നുവെന്നും, രണ്ട് കാറിലായാണ് അക്രമി സംഘം എത്തിയതെന്നും അബൂബക്കർ പറഞ്ഞു. അതേസമയം, സംഘത്തിൽ നാല് പേരുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. ഡ്രൈവർ ഉൾപ്പടെ 5 പേരാണ് സംഘത്തിലുള്ളതെന്നാണ് സാക്ഷികൾ നൽകിയ സൂചന.
സുബൈറിന് അപകടത്തിൽ പരിക്കേറ്റതായാണ് ആദ്യം കരുതിയതെന്ന് ആശുപത്രിയിലെത്തിച്ച അയൽവാസി സലിം പറഞ്ഞു. ചെന്നെടുക്കുമ്പോൾ ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു. ഓട്ടോയിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. പിന്നീടാണ് കൊലപാതകമാണെന്ന് അറിഞ്ഞതെന്നും സലിം പറഞ്ഞു.
സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തിയത്. ഈ കാർ കൊലയാളി സംഘം എലപ്പുള്ളി പാറയിൽ തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. പൊലീസ് പരിശോധനയിലാണ് ഈ കാർ സഞ്ജിത്തിന്റേതാണെന്ന് വ്യക്തമായത്. ഇയോൺ കാറിന് പുറമെ, ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്.
ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം. പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണ് ഈ കൊലപാതകമെന്ന് എസ്ഡിപിഐ ആരോപിച്ചു. കൊലയ്ക്ക് പകരം കൊല എന്ന ആർഎസ്എസ് രീതിയാണ് നടപ്പാക്കിയതെന്നും, ഇത് നേതാക്കൾ അറിഞ്ഞു കൊണ്ട് തന്നെയാണ് ചെയ്തതെന്നും എസ്ഡിപിഐ ആരോപിച്ചു.
Post Your Comments